Skip to main content

നന്ദി; കണ്ണൂരിന്റെ കരുതലിന്, 'അതിഥി'കള്‍ മടങ്ങി

കണ്ണൂരിന്റെ കരുതലും സ്‌നേഹവും അനുഭവിച്ച് നന്ദിപൂര്‍വ്വം അവരെല്ലാം മടങ്ങി. ലോക്ക്ഡൗണ്‍ കാലത്തെ ദുരിതങ്ങള്‍ താണ്ടാന്‍ താങ്ങും തണലുമായി നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് അവര്‍ മടങ്ങുന്നത്. പല നാടുകളില്‍ നിന്ന് ജോലി തേടിയെത്തിയവര്‍. അവരെല്ലാം ജന്മ ദേശങ്ങളിലേക്ക് മടങ്ങി, സുരക്ഷിതരായി. ഇതര സംസ്ഥാനക്കാരായി ജില്ലയില്‍ ഉണ്ടായിരുന്ന 31341 അതിഥി തൊഴിലാളികളാണ് ഇതുവരെ മടങ്ങിപ്പോയത്. ബുധനാഴ്ച കണ്ണൂരില്‍ നിന്നും അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി അതിഥി തൊഴിലാളികളുമായി യാത്രയായി. ഇതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ മടക്കയാത്ര ഏകദേശം പൂര്‍ത്തിയാവും.  
രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മെയ് മൂന്നിനാണ് അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ജില്ലയില്‍ നിന്ന് പോയത്. 1140 യാത്രക്കാരുമായി ബീഹാറിലേക്കായിരുന്നു ട്രെയിന്‍. തുടര്‍ന്ന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജമ്മു- കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയിരുന്നു. 29 ട്രെയിനുകളിലായാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പോയത്. ചില സംസ്ഥാനങ്ങളിലേക്കുള്ളവരെ കാഞ്ഞങ്ങാട്, കോഴിക്കോട്, ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചും നാട്ടിലേക്ക് തിരിച്ച്് പോവാനുള്ള സൗകര്യമൊരുക്കിയിരുന്നു. കെ എസ് ആര്‍ ടി സി ബസുകളിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്.
ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് പശ്ചിമ ബംഗാളിലേക്കാണ്. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലേക്ക് ഇതുവരെ ആറ് ട്രെയിനുകളിലായി 8844 ആളുകളാണ് യാത്രയായത്. 4511 പേരെ ഉത്തര്‍പ്രദേശിലേക്ക് മൂന്ന് ട്രെയിനുകളിലായി യാത്രയാക്കി. എട്ടായിരത്തോളം അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലാതെ ജില്ലയില്‍ തന്നെ തുടരുന്നുണ്ടെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ  പറഞ്ഞു.
വളപട്ടണം, അഴീക്കോട്, നാറാത്ത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അതിഥി തൊഴിലാളികള്‍ ഉള്ളത്. സ്വദേശത്ത് മടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അതത് തദ്ദേശസ്ഥാപനങ്ങളെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. റവന്യു വകുപ്പാണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.  റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനായ് കെ എസ് ആര്‍ ടി സി ബസുകള്‍ ക്രമീകരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്.  ബസുകളില്‍ കയറുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല എന്നും മാസ്‌ക്, സാനിറ്റൈസറുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. ഇല്ലാത്തവര്‍ക്ക് അവ നല്‍കുകയും ചെയ്യും. രണ്ട് നേരത്തേക്കുള്ള ഭക്ഷണവും കുടുംബശ്രീ വഴി നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

അതിഥി തൊഴിലാളികളുടെ മടക്കയാത്ര, ജില്ലയില്‍ നടന്നത് കൂട്ടായ പ്രവര്‍ത്തനം; കലക്ടര്‍

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ നടന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് കലക്ടര്‍ ടി വി സുഭാഷ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ അതിഥി തൊഴിലാളികളുടെ പുനരധിവാസം വലിയ വെല്ലുവിളിയായിരുന്നു. നാല്‍പ്പതിനായിരത്തോളം തൊഴിലാളികളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ കാര്യത്തില്‍ വളരെ മികച്ച രീതിയിലുള്ള ഇടപെടലായിരുന്നു ജില്ലാ ഭരണകൂടം നടത്തിയതെന്നും കലക്ടര്‍ പറഞ്ഞു. അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം വരുന്നവര്‍ക്കും ഭക്ഷണം, റേഷന്‍, ചിലയിടങ്ങളിലേക്ക് ടിവി എന്നിവ എത്തിച്ചു നല്‍കാന്‍ ആദ്യഘട്ടത്തില്‍ തന്നെ സാധിച്ചു.  അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തി. ചിലയാളുകള്‍ നാട്ടില്‍ പോവണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അതത് സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍, ബംഗാള്‍ എം പി മെഹ്വ മൊയ്ത്ര എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിനായി ഒരു വലിയ ടീമായാണ് പ്രവര്‍ത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, എ ഡി എം ഇ പി മേഴ്‌സി, സബ് കളക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കളക്ടറായിരുന്ന ഹാരിസ് റഷീദ്,  ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കോര്‍പ്പറേഷന്‍ മേയറായിരുന്ന സുമ ബാലകൃഷ്ണന്‍, മറ്റ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, റവന്യു വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും  കലക്ടര്‍ പറഞ്ഞു. അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് കെ എസ് ആര്‍ ടി സി സഹായിച്ചു. മറ്റ് ജില്ലകളിലും ചില അവസരങ്ങളില്‍ തൊഴിലാളികളെ കെ എസ് ആര്‍ ടി സി എത്തിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു അവര്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചു നല്‍കിയത്. ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ജില്ലയില്‍ കാഴ്ച വെച്ചതെന്നും കലക്ടര്‍ പറഞ്ഞു

date