Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ് നടത്തി.

 

    സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തിരൂര്‍ ഇ.എം.എസ് സാംസ്‌കാരിക സമുച്ചയം കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ അദാലത്ത് നടത്തി. സിറ്റിംഗില്‍ 40 കേസുകള്‍ പരിഗണിച്ചു. 

14 മത്സ്യത്തൊഴിലാളികള്‍ക്കായി കമ്മീഷന്‍ ശിപാര്‍ശ ചെയ്ത കടാശ്വാസം 2,54,238 രൂപ സഹകരണ വകുപ്പില്‍ നിന്നും ലഭിച്ചിട്ടില്ല എന്ന പരാതിയില്‍ മാര്‍ച്ച് 31-നകം തുക അനുവദിക്കാന്‍ ജില്ല സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി.    

തിരൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത് തുക തീര്‍ത്തടച്ച മത്സ്യത്തൊഴിലാളിക്ക് സസ്‌പെന്‍സ് അക്കൗണ്ടില്‍ നിക്ഷേപിച്ച 11,998 രൂപ സ്ഥിര നിക്ഷേപ പലിശ സഹിതം തിരികെ നല്കാനും മറ്റ് രണ്ട് കേസുകളില്‍ കടാശ്വാസ തുക ലഭിച്ചിട്ടും വായ്പ കണക്ക് തീര്‍പ്പാക്കാതെ പണയാധാരം തിരികെ നല്കാന്‍ കമ്മീഷന്‍ ഉത്തരവ് പാലിക്കാത്തതില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കാനും കമ്മീഷന്‍ ഉത്തരവായി.

മൂന്ന് മത്സ്യത്തൊഴിലാളികളുടെ വായ്പക്ക് കടാശ്വാസം അനുവദിച്ച് കമ്മീഷന്‍ നല്കിയ ഉത്തരവിനെതിരെ തിരൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ഇടപെടുന്നതിന് നിര്‍ദ്ദേശിച്ചു.

 

    പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത രണ്ട് വായ്പക്ക് 1,05,270 രൂപ അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തു. ഒരു കേസില്‍ കാര്‍ഷിക കടാശ്വാസം ലഭിച്ച സ്ഥിതിയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിക്കുന്നത് കമ്മീഷന്‍ നിരസിച്ചു.

ബാങ്ക് പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ രണ്ട് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.

കേരള ഗ്രാമീണ്‍ ബാങ്കിന്റെ അഴിഞ്ഞിലം ബ്രാഞ്ചില്‍ നിന്നും വായ്പയെടുത്ത ഒരു കേസില്‍ 2015 ജൂലൈ മാസത്തില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം ലീഡ് ബാങ്കിന്റെ സഹായത്തോടെ നടത്തിയ അദാലത്തില്‍ ഉഭയ സമ്മത പ്രകാരം 75000 രൂപ മുതലിനത്തിലും 18000 രൂപ പലിശയിനത്തിനും സര്‍ക്കാരില്‍ നിന്നും അനുവദിച്ച് തീര്‍പ്പാക്കിയ കേസില്‍ ധാരണക്ക് വിരുദ്ധമായി  അധിക തുക ഈടാക്കാനുള്ള ബാങ്കിന്റെ ശ്രമത്തില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു.

കടാശ്വാസമായി സര്‍ക്കാര്‍ അനുവദിച്ച തുക വായ്പാ കണക്കില്‍ വരവ് വെച്ചതിലും ഈടാധാരങ്ങള്‍ തിരികെ നല്കാത്തതിലും അമിത പലിശ ഈടാക്കിയതിലും തുടങ്ങി വിവിധങ്ങളായ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

കമ്മീഷന്‍ മെമ്പര്‍ കൂട്ടായി ബഷീര്‍, ടി.ജെ. ആഞ്ചലോസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ജൂനിിയര്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരും വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ പരാതി സമര്‍പ്പിച്ച അപേക്ഷകരും മത്സ്യത്തൊഴിലാളി നിരീക്ഷകരും പങ്കെടുത്തു.

date