ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും: കളക്ടര്‍
ആലപ്പുഴ: ജില്ലയെ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് പ്രതിരോധത്തിലേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങിയതോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.
പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വെബ്ബിനാര്‍ അടക്കമുള്ള പരിപാടികളിലൂടെയാവും ബോധവത്കരണെം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ പരിശോധനകള്‍ ശക്തമാക്കും. രണ്ട് ആര്‍.ഡി.ഒ മാരുടെ കീഴിലുള്ള സംഘങ്ങളാവും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. പൊലീസ്, തദ്ദേശവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പിഴ ചുമത്താനും പരിശോധനാസംഘങ്ങളെ ചുമതലപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളിലടക്കം നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാനാൻ എല്ലാ നടപടികളും സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് തലത്തിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തും. ഇതിനായി ബന്ധപ്പെട്ട അധികാരികളുടെയും ഉദ്യോഗസ്ഥരുടേയും പ്രതിമാസ യോഗം ചേരും. പൊതുസ്ഥലങ്ങളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കും .ആദ്യ ഘട്ടത്തില്‍ നഗരസഭാ പ്രദേശങ്ങളില്‍ ജെന്‍ഡര്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനാവും മുന്‍ഗണന നല്‍കുക. ഇതിനായി നഗരശഭ അധികൃതര്‍-ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.
ജില്ലയിലെ വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ആലപ്പുഴ ബീച്ചില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വർധിക്കുന്നുണ്ട്. ഇവിടം പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് നിരോധിത മേഖലയാക്കും. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ശുചിമുറി സൗകര്യങ്ങൾ നഗരസഭയുമായി കൂടിയാലോചിച്ച് ഉറപ്പുവരുത്തുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. പെട്രോള്‍ പമ്പുകളില്‍ ശുചിമുറി സംവിധാനങ്ങള്‍ ഉറപ്പ് വരുത്താനായി പമ്പുടമകളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഇ-വേസ്റ്റുകള്‍ ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. വീടുകളിലും ആശുപത്രികളില്‍ നിന്നുമുള്ള ബയോ-മെഡിക്കല്‍ വേസ്റ്റുകളുടെ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നടപടികള്‍ കൈക്കൊള്ളുവാനും പ്ലാസ്റ്റിക്ക്-ജൈവ മാലിന്യ സംസ്‌ക്കരണത്തിനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ സബ്ബ് ജഡ്ജ് കെ.ജി ഉണ്ണികൃഷ്ണന്‍, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് തല പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments