Skip to main content

കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കം; മോക് ഡ്രില്‍ ഇന്ന്( ജൂണ്‍ 24)

 

കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തുന്ന മോക് ഡ്രില്‍ ഇന്ന്(ജൂണ്‍ 24) തീക്കോയി ഗ്രാമപഞ്ചായത്തില്‍ നടക്കും. വെള്ളികുളം, ചാത്തപ്പുഴ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നടപടികള്‍.

 

വെള്ളികുളത്ത് മണ്ണ് ഇടിയുകയും ചാത്തപ്പുഴയില്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നടത്തേണ്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രിലില്‍ അവതരിപ്പിക്കുക. ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന അറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍നിന്നും കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ലഭിക്കുന്നതു മുതലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. 

 

മോക്ഡ്രില്‍ നടപടികള്‍ പരിശോധിക്കുന്നതിന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാല് സ്വതന്ത്ര നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ നിരീക്ഷകര്‍ വിലയിരുത്തലുകള്‍ അവതരിപ്പിക്കും. യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ജില്ലയിലെ ദുരന്തനിവാരണ സംവിധാനത്തില്‍ ഭേദഗതികള്‍ വരുത്തുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. 

 

ദുരന്തം സംഭവിച്ചതായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള തുടര്‍ നടപടികളാണ് മോക് ഡ്രില്ലില്‍ സ്വീകരിക്കുകയെന്നും  ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date