തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പുതിയ ഒ പി തുടങ്ങി
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക് തുടങ്ങി. ഒ പി അനക്‌സിലെ ആദ്യത്തെ ഒ പി ടിക്കറ്റ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ് രോഗിക്ക് കൈമാറി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇനിമുതൽ നെഞ്ചുരോഗാശുപത്രിക്ക് പുറകുവശമുള്ള ചൈൽഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ താഴത്തെ നിലയിൽ ജനറൽ മെഡിസിൻ, പൾമണോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളുടെ ഒ പി യും ഒന്നാം നിലയിൽ കുട്ടികളുടെ ചികിത്സക്കായുള്ള ഒ പി യും പ്രവർത്തിക്കും.
മാനസികാരോഗ്യ വിഭാഗം ഒ പി ജെറിയാട്രിക് കെയർ സെന്ററിലേക്ക് മാറ്റി. ഒ പി രാവിലെ 8 മുതൽ 12 വരെയായിരിക്കും. ഒ പി ടിക്കറ്റ്, രക്ത പരിശോധന, ഇ സി ജി, ഫാർമസി മുതലായ സേവങ്ങൾ ഇവിടെ ലഭ്യമായിരിക്കും. മറ്റ് ഒ പികൾക്ക് മാറ്റമില്ല. കോവിഡിന്റെ സാഹചര്യത്തിൽ ചികിത്സക്കെത്തുന്ന രോഗികൾ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടിയാണ് പുതിയ ഒ പി സംവിധാനം ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി വി സന്തോഷ്, ജനറൽ മെഡിസിൻ മേധാവി ഡോ. എൻ വി ജയചന്ദ്രൻ, ആർ എം ഒ ഡോ. സി.പി മുരളി, ഡോ. ജിജിത് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments