Skip to main content

ജില്ലയിൽ അനധികൃത ഗ്യാസ് വിൽപനയ്ക്കെതിരെ കർശന നടപടിയെടുക്കും : ജില്ലാ കളക്ടർ

ജില്ലയിൽ വർദ്ധിച്ചു വരുന്ന അനധികൃത ഗ്യാസ് വിൽപ്പനക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്. വടക്കേക്കാട് വൈലേരി പീടികയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും പാചകവാതക വിതരണ കേന്ദ്രം അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പിടിച്ചെടുത്ത കേസിൽ ഗ്യാസ് ഏജൻസികളോട് കളക്ടർക്ക് വിശദീകരണം തേടി. അനധികൃത വിൽപന അമർച്ച ചെയ്യുന്നതിനൊപ്പം ഇവർക്ക് കൂട്ട് നിൽക്കുന്ന ഗ്യാസ് ഏജൻസികളുടെ ലൈസൻസ് പിൻവലിക്കുമെവന്നും കളക്ടർ അറിയിച്ചു.
2019 ജനുവരിയിലാണ് വടക്കേക്കാട് വൈലേറിപ്പറമ്പിൽ നിന്ന് വാണിജ്യാവശ്യത്തിനുളള 292 സിലിണ്ടർ പിടിച്ചെടുത്തത്. ഗുരുവായൂരിലെ ഐ ഒ സി എല്ലിന്റെ വിതരണത്തിലുള്ള സിലിണ്ടറുകളാണ് ഇവിടെ അനധികൃതമായി വിൽപ്പന നടത്തിയിരുന്നത്. സുരക്ഷ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടയിൽ നിന്നും 23 സിലിണ്ടറുകളും ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. തുടർന്ന് 2020 മെയ് മാസത്തിലും ഇതേ സ്ഥലത്ത് നിന്ന് സിവിൽ സപ്ലൈസ്, നികുതി വിഭാഗങ്ങൾ ചേർന്ന് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപനയ്ക്കെത്തിച്ച 514 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. വടക്കേകാട് പ്രവർത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തിന് സമീപത്ത് നിർത്തിയിട്ട നാല് ലോറികളിലാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ ഏജൻസികളോട് കളക്ടർ വിശദീകരണം തേടിയത്. ഏജൻസി ഉടമകളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കാൻ ഓയിൽ കമ്പനികൾക്ക് കളക്ടർ നിർദേശം നൽകി.
ജില്ലാ സപ്ലൈ ഓഫീസർ എ അയ്യപ്പദാസ്, ബി പി സി എൽ, ഐ ഒ സി എൽ പ്രതിനിധികൾ, ചാവക്കാട്, തൃശൂർ താലൂക്കുകളിലെ ഗ്യാസ് ഏജൻസി ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date