Skip to main content

പത്താം ക്ലാസുകാരിക്ക് പഠനസൗകര്യമൊരുക്കി ജനമൈത്രി പൊലീസ്

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ പ്രയാസത്തിലായിരുന്ന വേങ്ങര ആശാരിപ്പടിയിലെ പത്താം ക്ലാസുകാരിക്ക്  കൈത്താങ്ങായി വേങ്ങര ജനമൈത്രി പൊലീസ്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന ഫാത്തിമയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ പൊലീസ്  പഠനത്തിനായി ടി.വി എത്തിച്ചു നല്‍കുയായിരുന്നു. എസ്.ഐ  മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ഫാത്തിമയ്ക്ക് ടിവി കൈമാറി. 
 മറ്റുള്ളവരുടെ സഹായത്തോടെ ലോക്ക് ഡൗണ്‍കാലം അതിജീവിക്കുന്നതിനാല്‍ അഫ്സത്തിന്റെ മകള്‍ ഫാത്തിമയുടെ ഓണ്‍ ലൈന്‍ പഠന സൗകര്യവും മുടങ്ങിയിരുന്നു.  ഇക്കാര്യം അറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിറാജ്, അസ്‌ക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരിതത്തില്‍ കഴിയുന്ന കുടുംബത്തിന് ടി.വി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.  വേങ്ങരയിലെ കുണ്ടുപുഴക്കല്‍ സ്റ്റീല്‍സ് ആന്‍ഡ് സിമന്റ്സിന്റെ സഹായത്തോടെയാണ് ടി.വി എത്തിച്ചു നല്‍കിയത്.  ടി.വിയോടൊപ്പം  ഡിഷ് സൗകര്യവും പൊലീസ് ഒരുക്കി.  ഗ്രേഡ് എസ്.ഐമാരായ അഷ്റഫ്, ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനീഷ്, സിഡിഎസ് ഹസീന, ട്രോമകെയര്‍ പ്രതിനിധി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(എം.പി.എം 2358/2020)
 

date