Skip to main content

ഡെങ്കിപ്പനി പ്രതിരോധം; തോട്ടങ്ങളിലേക്ക് നീങ്ങാം കാമ്പയിനിന് ഇന്ന് തുടക്കം

ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി  തോട്ടങ്ങളിലെ കൊതുകു സാന്ദ്രത കുറയ്ക്കുന്നതിന് ആരോഗ്യ വകുപ്പ് 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന പേരില്‍ നടത്തുന്ന കാമ്പയിനിന് ഇന്ന് (ജൂണ്‍ 25) തുടക്കം കുറിക്കും. ഇതിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യസേന എന്നിവരടങ്ങുന്ന സംഘം പൊതുജന പങ്കാളിത്തത്തോടെ റബര്‍, പൈനാപ്പിള്‍, കൊക്കോ തോട്ടങ്ങളില്‍ ഈഡിസ് കൊതുകിന്‍റെ ഉറവിട നശീകരണം നടത്തും.

 

  കാമ്പെയിനു മുന്നോടിയായി ജില്ലയിലെ തോട്ടം ഉടമകളുടെയും തൊഴിലാളികളുടെയും യോഗം ചേര്‍ന്ന്  തോട്ടങ്ങളില്‍ നടത്തേണ്ട കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കുന്നതിന് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തോട്ടം ഉടമകള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു. 

 

 റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും റെയിന്‍ഗാര്‍ഡിലും വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.  ഉപയോഗശൂന്യമായ കപ്പുകളും ചിരട്ടകളും കമുകിന്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളും പൂര്‍ണമായും നീക്കം ചെയ്യണം. 

 

പൈനാപ്പിള്‍ തോട്ടങ്ങളില്‍ ചെടിയുടെ ഇലകള്‍ക്കിടയില്‍ കെട്ടി നിൽക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ കൂത്താടി നശീകരണം നടത്തണം. കൊക്കോ തോട്ടങ്ങളില്‍ കേടായ കൊക്കോ തോടുകള്‍ നശിപ്പിക്കണം. 

 

പരിശോധനയില്‍ കൊതുകിന്‍റെ ഉറവിട സാന്നിധ്യം കണ്ടെത്തുന്ന തോട്ടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്നും  തുടര്‍ച്ചയായി ഉറവിട നശീകരണം നടത്താത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

date