Skip to main content

ഭക്ഷ്യസംസ്‌കാരം തിരികെ പിടിക്കാൻ പൂമംഗലത്തിന്റെ സ്വന്തം 'മട്ട'

കേരളത്തിന്റെ തനത് ഭക്ഷ്യസംസ്‌കാരത്തെ തിരികെ പിടിക്കാൻ 'പൂമംഗലം മട്ട' എന്ന പേരിൽ അരി വികസിപ്പിച്ചെടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും സിസ്റ്റർ റോസ് ആന്റോയുടെ നേതൃത്വത്തിലുള്ള ഹരിതകർമ്മ സേനയുടെയും ശ്രമഫലമായി പൂമംഗലം എന്ന ഗ്രാമം ഇനിമുതൽ ഒരു അരിയുടെ പേരിലാകും അറിയപ്പെടുക. മട്ട അരിയാണെങ്കിലും നെല്ലിനും അരിക്കും ചോക്ലേറ്റിന്റെ നിറവും രുചിയും മണവുമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും പൂമംഗലം മട്ടയുടെ പ്രത്യേകതയാണ്.
15 കർഷകരുടെ കൂട്ടായ്മയിലൂടെ കാർഷിക കർമ്മസേന രൂപീകരിച്ച് നാല് ഏക്കറിലായിരുന്നു കൃഷി. ഇതിനായി മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് സിസ്റ്റർ റോസ് ആന്റോയും സംഘവും പ്രത്യേക പരിശീലനം നേടി. തുടർന്ന് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പൂമംഗലം പടിയൂർ കോളിൽ പൂർണമായും ജൈവരീതിയിൽ നെൽകൃഷി ഇറക്കുകയും വിജയകരമായി വിളവെടുക്കുകയും ചെയ്തു. തവിട് നിലനിർത്തിയാണ് പൂമംഗലം വിപണിയിലെത്തുന്നത്. അരി കൂടാതെ അരിപ്പൊടി, അവൽ എന്നിവയുടെ ഉത്പാദനവുമുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തിനകത്ത് മാത്രമാണ് വിപണി ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയായാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അരിയും അരി ഉത്പന്നങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷും വൈസ് പ്രസിഡന്റ് ഇ ആർ വിനോദും കൃഷി ഓഫീസർ ഷാന്റോ കെ പിയും.
കഴിഞ്ഞ നാലുവർഷമായി നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിവന്ന പ്രവർത്തനങ്ങളിലൂടെ തരിശ് രഹിത കൃഷിഭൂമി സൃഷ്ടിക്കാൻ സാധിച്ചു. 250 ഹെക്ടർ വരുന്ന കൃഷിഭൂമിയിൽ 125 ഹെക്ടറും ഇത്തരത്തിൽ തരിശ് രഹിത കൃഷിഭൂമിയാണ്. 3900 മീറ്റർ ബണ്ട് വരെ ഇതിനായി സൃഷ്ടിക്കപ്പെട്ടു. ഈ വർഷം സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം നടപ്പാക്കിയതോടെ തരിശുരഹിത പൂമംഗലം യഥാർത്ഥ്യമാകുകയാണ്.

date