പോക്‌സോ കേസുകളില്‍ കൂടുതല്‍ പ്രതികളും ഇരയാക്കപ്പെടുന്നവരുമായി പരിചയമുളളവര്‍
പോക്‌സോ കേസുകളില്‍ കൂടുതല്‍ പ്രതികളും ഇരയാക്കപ്പെടുന്നവരുമായി പരിചയമുളളവരാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി. പോക്‌സോ ശില്പശാലയുടെ ഭാഗമായി നടന്ന ചര്‍ച്ചയും സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മാധ്യങ്ങളും സമൂഹവും ജാഗ്രത പുലര്‍ത്തണം. ഇത്തരം കേസുകള്‍ പുറത്തു കൊണ്ടുവരുന്നതിനും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനും മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ഇത്തരം കേസുകള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടാണ് അന്വേഷിക്കുന്നത്. വര്‍ക്ക് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലാതെ വരുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ്. എങ്കിലും പോക്‌സോ കേസുകള്‍ ശിക്ഷിക്കപ്പെടണം എന്നതില്‍ പോലീസ് വകുപ്പിന് ജാഗ്രതയുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ബാലാവകാശ സംരക്ഷണം ജില്ലയിലെ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം മേധാവി ഡോ.വര്‍ഗ്ഗീസ് പി പുന്നൂസ് മോഡറേറ്ററായി. പോക്‌സോ കേസുകളില്‍ അതിക്രമം നേരിട്ട കുട്ടിയും അതിക്രമിച്ച കുട്ടിയും ഓരേ പോലെ ഇരകളാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ ശ്രദ്ധ വേണമെന്ന് സൂര്യനെല്ലി കേസ് വാദിച്ച അഭിഭാഷക അഡ്വ. അനില ജോര്‍ജ്ജ് പറഞ്ഞു. ഇര അഥവാ വിക്റ്റിം എന്ന പദം ശരിയായ പ്രയോഗമല്ല. സര്‍വൈവര്‍ എന്ന പദമാണ് ഉപയോഗിക്കേണ്ടത്. സമൂഹത്തിന്റെ സ്റ്റിഗ്മ വളരെയധികം നേരിട്ട വ്യക്തിയാണ് സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി. കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ശേഷം നേരിട്ട പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്ത രീതിയും അവര്‍ വിശദമാക്കി. പോക്‌സോനിയമത്തിന്റെ പരിരക്ഷ ഉളള ഇക്കാലത്ത് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നുണ്ട്. ലൈംഗീകാതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് കോളനികളിലും മതപഠന കേന്ദ്രങ്ങളിലുമാണെന്ന് പോക്‌സോ കോടതി മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ കൂടുതല്‍ കേസുകള്‍ ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്യണം. പോക്‌സോ കേസുകളില്‍ കള്ളനാണയങ്ങള്‍ കുറവാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം അഡ്വ.രാജി പി ജോയ് പറഞ്ഞു. ചര്‍ച്ചയില്‍ ഡിസിആര്‍ബി ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് മാധ്യമ പ്രവര്‍ത്തകരായ ഇ.പി ഷാജുദീന്‍, ബിജി കുര്യന്‍, എം. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-466/18)
- Log in to post comments