Skip to main content

ഡെങ്കിപ്പനി ബാധിത മേഖലകളില്‍ പ്രത്യേക ശുചീകരണ ക്യാമ്പയിന്‍ പ്ലാസ്റ്റിക്കിന്റെ തിരിച്ചുവരവ് തടയാന്‍ നിര്‍ദേശം

ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 26 തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക ശുചീകരണ ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശുചീകരണ ക്യാംപയിന്‍ സംഘടിപ്പിക്കുക. വീട്ടിലും പരിസരങ്ങളിലും ഡെങ്കിപ്പനിക്ക് കാരണമാവുന്ന കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍  ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ്തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടന്നിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാരണം വേണ്ടത്ര ഫലപ്രദമായ രീതിയില്‍ ആയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ ജില്ല ഏറെ ദൂരം മുന്നോട്ടുപോയിരുന്നുവെങ്കിലും കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ആവശ്യമായി വന്നിരുന്നു. എന്നാല്‍ പ്ലാസ്റ്റിക് കാരിബാഗിന്റെ ഉപയോഗം ഉള്‍പ്പെടെ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആവശ്യമായ ശുചീകരണ സംവിധാനം ഏര്‍പ്പെടുത്തി ഓഫീസുകളിലും മറ്റും ഗ്ലാസിന്റെ ഉപയോഗം തിരികെ കൊണ്ടുവരണം. ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പരമാവധി പാലിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കി സ്‌കൂള്‍ പരിസരങ്ങള്‍ മാലിന്യ മുക്തമാക്കാന്‍ ഡിഡിഇക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
കുട്ടികള്‍ക്കിടയില്‍ മാലിന്യ സംസ്‌ക്കരണ ബോധം വളര്‍ത്തിയെടുക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന കലക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 20 ഗവ. സ്‌കൂളുകളില്‍ നാലു വീതം ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകളും മറ്റും ഹരിതകര്‍മ സേനയുമായി സഹകരിച്ചാണ്  സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 72 സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്തും ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഒഡിഎഫ് പദ്ധതിയില്‍ വ്യക്തിഗത ശൗചാലയം ലഭിക്കാതെ പോയവര്‍ക്കായി ശൗചാലയം നിര്‍മിച്ചു നല്‍കുന്നതിന് സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) വിഹിതമായി 31 പഞ്ചായത്തുകള്‍ക്ക് 91,72,500 രൂപ നല്‍കിയതായി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതുപ്രകാരം 773 ശൗചാലയങ്ങളാണ് ഇവിടെ നിര്‍മിച്ചു നല്‍കിയത്. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് അഞ്ചു പഞ്ചായത്തുകള്‍ക്കായി 45,72,638 രൂപയും പൊതു ശുചിത്വ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് രണ്ട് പഞ്ചായത്തുകള്‍ക്ക് 8,60,642 രൂപയും നല്‍കിയതായും അദ്ദേഹം പറഞ്ഞു.  
ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ ശുചിത്വ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സൗകര്യപ്രദമായ സ്ഥലങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള പൊതു ശൗചാലയങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തി ഉപയോഗയോഗ്യമാക്കും. പുതിയ ശുചിത്വ കേന്ദ്രങ്ങള്‍ പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. ഇതിനായി പ്രത്യേക ഡിസൈന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനായാണ് ശുചിത്വ സമിതി യോഗം ചേര്‍ന്നത്. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തങ്ങളുടെ ഓഫീസിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്

date