കേന്ദ്രാവിഷ്കൃത പദ്ധതികള്‍: നിര്‍വഹണപുരോഗതി അവലോകനം ചെയ്തു
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്ന തലങ്ങളില്‍ നേരിടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോ-ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. തൊഴിലുറപ്പ് പദ്ധതിയിലും കേരളത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കി മാറ്റം വരുത്തേണ്ടതുണ്ട്. പ്രയോഗ തലത്തിലെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കാന് എം.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സ്വച്ഛഭാരത് മിഷന് ഫണ്ട് ഉപയോഗിച്ച് മാലിന്യസംസ്കരണത്തിന് പദ്ധതികള്‍ തയ്യാറാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍, നദീ സംരക്ഷണം എന്നിവയ്ക്ക് വേണ്ട് സ്വഛഭാരത് മിഷന് ഫണ്ട് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 71821 കുടുംബങ്ങള്‍ക്ക് ജില്ലയില്‍ തൊഴില്‍ നല്കി. 16866 പ്രവൃത്തികള്‍ ഏറ്റെടുത്തു. 2299 കുടുംബങ്ങള്‍ നൂറു തൊഴില്‍ ദിനങ്ങളും 106 കുടുംബങ്ങള്‍ 150 തൊഴില്‍ ദിനങ്ങളും പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി 132 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 15851.10 ലക്ഷം രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവഴിച്ചു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനാവായ, ചോക്കാട്, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ച്ച് നാലിന് ജില്ലയിലെ ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.
എം.എല്‍.എമാരായ പി. ഉബൈദുള്ള, ആബിദ് ഹുസൈന് തങ്ങള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, എ.ഡി.എം ടി വിജയന്, പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- Log in to post comments