തീരദേശ വാസികള്‍ക്ക് സ്വപ്ന സാഫല്യം: താനൂര്‍ ഉണ്യാലില്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങുന്നു
തീരദേശ വാസികളായ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്. ഗാലറിയും ഷോപ്പിങ് കോംപ്ലക്‌സും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയം നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കും. സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രവൃത്തി എത്രയും വേഗം തുടങ്ങാനാകുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ വ്യക്തമാക്കി. ഗാലറിക്കും 28 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സിനുമൊപ്പം ഫുട്‌ബോള്‍ ഗ്രൗണ്ട്, ജിംനേഷ്യം, ബാഡ്മിന്റന്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുമുള്ള സ്റ്റേഡിയം നിര്‍മാണം പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ പറഞ്ഞു.
4.95 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് സ്റ്റേഡിയത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്. താനൂര്‍ ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂമി സ്റ്റേഡിയം നിര്‍മാണത്തിനായി അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കായിക പ്രതിഭകള്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതിനൊപ്പം തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ചെറിയമുണ്ടം, താനാളൂര്‍, കാട്ടിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും സ്റ്റേഡിയങ്ങള്‍ പണിയുന്നുണ്ട്. കിഫ്ബി മുഖേന അനുവദിച്ച 10 കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടിയില്‍ സ്റ്റേഡിയം പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ചെറിയമുണ്ടത്തെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
(എം.പി.എം 2385/2020)
- Log in to post comments