Skip to main content

പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

 

സംസ്ഥാന കൃഷി വകുപ്പിന്റെ ഈ വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. 2020-21 സാമ്പത്തിക വര്‍ഷം ഈ പദ്ധതിയില്‍ 251.71 ലക്ഷം രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. സ്‌കൂളുകള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റസ് അസോസിയേഷന്‍ അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ഈ വര്‍ഷവും പദ്ധതിയില്‍ പങ്കാളികളാകും.  

വിഷരഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍  നിന്നും ഉത്പാദിപ്പിക്കുന്നതു ലക്ഷ്യമിട്ട് 10 രൂപ വിലയുള്ള നാലു ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും.  പച്ചക്കറി വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം നടത്തും. ഒരു യൂണിറ്റില്‍ 25 ഗ്രോ ബാഗുകള്‍ വീതമുളള 1500 ഗ്രോബാഗ് യൂണിറ്റുകള്‍ വിതരണം നടത്തും. വാണിജ്യാടിസ്ഥാനത്തില്‍  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള ക്ലസ്റ്ററുകള്‍ക്ക് ഹെക്ടറിന് 25,000 രൂപ പ്രകാരം ധനസഹായം നല്‍കും. സ്റ്റാഗേര്‍ഡ് ക്ലസ്റ്ററുകളില്‍ പന്തല്‍ ഇനങ്ങള്‍ക്ക് ഒരു ഹെക്ടറിന് 25,000 രൂപയും, പന്തല്‍ ആവശ്യമില്ലാത്തവയ്ക്ക് 20,000 രൂപയും ധനസഹായം നല്‍കും.

തരിശ് കൃഷി വ്യാപിപ്പിക്കുന്നതിനായി ഹെക്ടറിന് 40,000 രൂപ ധനസഹായം നല്‍കും. കാലാവസ്ഥ വ്യതിയാനങ്ങളില്‍ വിളകളെ സംരക്ഷിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനായി മഴമറ ക്യഷിയിലൂടെ പച്ചക്കറി കൃഷി സാധ്യമാക്കുന്നതിനും ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും കഴിയും. 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള മഴമറയ്ക്ക്  പരമാവധി 50,000 രൂപ വരെ ധനസഹായം നല്‍കും. ഉടന്‍തന്നെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തയ്യാറുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.   ഗ്രോബാഗ് യൂണിറ്റുകള്‍ ചെയ്യുന്നവര്‍ക്ക് ഫാമിലി ഡ്രിപ്പ് ഇറിഗേഷന്‍ യൂണിറ്റുകള്‍, മിനി ഡ്രിപ്പ് യൂണിറ്റുകള്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കും. 

പരമ്പരാഗത വിത്തുകളുടെ ഉല്പാദനവും വ്യാപനവും ലക്ഷ്യമിട്ട് ഈ വര്‍ഷവും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്തുല്പാദന പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു ഹെക്ടറിന് 25,000 രൂപ ധനസഹായം നല്‍കും, പ്രോജക്ട് അടിസ്ഥാനത്തില്‍ പബ്ലിക്/പ്രൈവറ്റ് സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. 

ദീര്‍ഘകാല പച്ചക്കറി തൈകള്‍ കൃഷി ചെയ്യുന്നതിനായി ഹെക്ടറിന് 20,000 രൂപ അനുവദിച്ചിട്ടുണ്ട്. മുരിങ്ങ, അഗത്തി, കോവല്‍, റെഡ്‌ലേഡി പപ്പായ എന്നീ നാല് ഇനം തൈകളുടെ വിതരണത്തിനായി 1,25,000 രൂപ അനുവദിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും യുവ തലമുറയെ പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും അധിക  ഉല്പാദനം മൂലമുളള വില തകര്‍ച്ച പിടിച്ചുനിര്‍ത്തുവാനും പച്ചക്കറി വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായമായ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date