Skip to main content

ജലഗുണനിലവാര പരിശോധന  ലാബുമായി ഹരിത കേരളം മിഷന്‍

· കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പദ്ധതിക്ക് എംഎല്‍എ ഫണ്ട് അനുവദിച്ചു
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യഭ്യാസവകുപ്പുമായി സഹകരിച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബ് പദ്ധതി നടപ്പിലാക്കും. തദ്ദേശസ്ഥാപന പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട സയന്‍സ് ലാബുള്ള സ്‌കൂളുകളിലാണ്  ജലഗുണനിലവാര പരിശോധന ലാബ് സ്ഥാപിക്കുക. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്നുള്ള വിഹിതം  ഉപയോഗിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ  11 ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് സി.കെ ശശീന്ദ്രന്‍ എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 13.75 ലക്ഷം രൂപ അനുവദിച്ചു. മാനന്തവാടി, ബത്തേരി നിയോജക മണ്ഡലങ്ങളിലും പദ്ധതിക്ക് ഫണ്ട് വകയിരുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
     കുടിവെള്ളസ്രോതസ്സുകളിലെ ജലം നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക,ഗുണനിലവാരമില്ലാത്ത കുടിവെള്ളസ്രോതസ്സുകളിലെ ജലം  നിശ്ചിത ഗുണനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മലിനീകരണത്തിനു കാരണമാകുന്ന വസ്തുക്കളെ ജലസ്രോതസ്സില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ മാത്രം കൈകാര്യം ചെയ്യുതിനുള്ള അവബോധം വളര്‍ത്തുക, ജലജന്യരോഗങ്ങള്‍ കുറക്കുക, ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രാദേശികമായി പൊതുജനങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ഗുണനിലവാര പരിശോധനക്ക് സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിശോധിക്കപ്പെടേണ്ട ഘടകങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ കുട്ടികള്‍ കൊണ്ടു വരുന്ന സാമ്പിളുകള്‍ സ്‌കൂള്‍ ലാബുകളില്‍ പരിശോധിക്കും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും ഈ സേവനം ലഭ്യമാകും. ഗുണനിലവാര പരിശോധനയിലൂടെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ എന്നിവ നിര്‍ദ്ദിഷ്ട ജല കാര്‍ഡില്‍ കുട്ടികള്‍ തന്നെ രേഖപ്പെടുത്തി നല്‍കുന്നതിനാല്‍ മലിനീകരണത്തിനു കാരണമാകുന്ന വസ്തുക്കള്‍/ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും അത് നിയന്ത്രിക്കുന്നതിന് നടത്തേണ്ട ഇടപെടലിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.
 

date