ഹോമിയോ മേഖലയില്‍ നടപ്പാക്കിയത് വിപുലമായ വികസനം -മന്ത്രി കെ.കെ. ശൈലജ
ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
ഹോമിയോ മേഖലയില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഹോമിയോ ചികിത്സാ സംവിധാനത്തെ കാര്യക്ഷമമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 56 ഹോമിയോ ഡിസ്പെന്‍സറികള്‍ മാതൃകാ ആശുപത്രികളായി ഉയര്‍ത്തി. പുതിയ 10 ഡിസ്പെന്‍സറികള്‍ ആരംഭിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേകമായി നടപ്പാക്കുന്ന സീതാലയം പദ്ധതി വിപുലപ്പെടുത്തി.
ദുര്‍ഘട പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ആരംഭിച്ച മൊബൈല്‍ യൂണിറ്റുകള്‍ ആദിവാസി മേഖലകളില്‍ ഫലപ്രദമായ ഇടപെടലാണ് നടത്തുന്നത്. എല്ലാ പ്രധാന ഹോമിയോ ആശുപത്രികളിലും ലാബുകള്‍ സജ്ജമാക്കുന്നതിന് നടപടി സ്വീകരിച്ചു.
ഹോമിയോ മരുന്ന് നിര്‍മ്മാണ സ്ഥാപനമായ ഹോംകോ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുന്നതിന് 52 കോടിയില്‍ പരം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുകയാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയം നാഗമ്പടത്ത് ആശുപത്രിയില്‍ നടന്ന സമ്മേളനം തോമസ് ചാഴികാടന് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.
പുതിയ ജനറല്‍ വാര്‍ഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കെ. സുരേഷ് കുറുപ്പ് എം.എല്‍.എയും നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി.കെ പ്രിയദര്‍ശിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ മുതിര്‍ന്ന അംഗം ജോയി ചെട്ടിശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍ ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയി, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്. ജയനാരായണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീനിജന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വര്‍ഗീസ്, കേരള കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് റീജണല്‍ മാനേജര്‍ ബി. റിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments