Skip to main content

മത്സ്യത്തൊഴിലാളി പുനരധിവാസപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

 

 

തീരദേശത്ത്  വേലിയേറ്റ മേഖലയില്‍ നിന്നും  50 മീറ്ററിനുളളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലാതല ഉദ്ഘാടനം സി.കെ നാണു എംഎല്‍എ വടകര നഗരസഭാങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വ്വഹിച്ചു.

 

കേരളത്തിലുടനീളമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി  വീട് നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി  നല്ലനിലയില്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കും  അധ്വാനിക്കുന്നവര്‍ക്കും നല്ല ജീവിതസാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ കടമയാണ്. വീട്  നിര്‍മ്മാണത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ ഗുണഭോക്താക്കളായ 10 പേരുടെ ഉടമസ്ഥാവകാശരേഖ എം.എല്‍.എ കൈമാറി.

 

വടകര താലൂക്കിലെ നടക്കുതാഴ വില്ലേജ്  ഗുണഭോക്താക്കള്‍ കണ്ടെത്തിയ 50 സെന്റ്  ഭൂമിയില്‍ 14 കുടുംബങ്ങളാണ് വീട് നിര്‍മ്മിച്ച് മാറിത്താമസിക്കുക. വടകര സൗത്ത്, വടകര നോര്‍ത്ത്, ചോമ്പാല്‍ എന്നീ മത്സ്യഗ്രാമങ്ങളില്‍ താമസിക്കുന്നവരാണിവര്‍. വീടിനും സ്ഥലത്തിനും  കൂടി  10 ലക്ഷം രൂപയാണ്  ഒരു കുടുംബത്തിന്  ലഭിക്കുക. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളാണ്  കടല്‍ക്ഷോഭമേഖലയില്‍ നിന്നും  മാറിത്താമസിക്കാന്‍ സ്വയം തയ്യാറായിട്ടുളളത്. വടകര താലൂക്കില്‍ 66, കൊയിലാണ്ടി താലൂക്കില്‍ 78, കോഴിക്കോട് താലൂക്കില്‍ 98 വീതമാണ് മാറിത്താമസിക്കാന്‍ തയ്യാറായ കുടുംബങ്ങളുടെ എണ്ണം. 

 

'സുരക്ഷിത ഭവനം, സന്തുഷ്ട തീരം' എന്ന സന്ദേശവുമായി  നടപ്പിലാക്കുന്ന പദ്ധതിക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ്  ധനസഹായം  നല്‍കുന്നത്.  2,450 കോടി രൂപയുടെ ബൃഹത് പദ്ധതിയാണിത്.  ആറു ലക്ഷം  രൂപക്ക് ചുരുങ്ങിയത്  മൂന്ന്  സെന്റ്  ഭൂമി  പഞ്ചായത്തുകളിലും  രണ്ടു സെന്റ്  ഭൂമി നഗരപ്രദേശങ്ങളിലും വാങ്ങി  നാലു ലക്ഷം  രൂപ ഉപയോഗിച്ച്  വീട്  ഉണ്ടാക്കാനും ഗുണഭോക്താക്കള്‍ക്ക്  ഒന്നിച്ച്  ഭൂമി  വാങ്ങി  ഫ്ളാറ്റ് നിര്‍മ്മിക്കാനും , സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഫ്ളാറ്റ്/ഭവനസമുച്ഛയം  നിര്‍മ്മിക്കാനും  ഗുണഭോക്താവിന് നേരിട്ട്്  വീടുളള സ്ഥലം വാങ്ങുതിനും  പദ്ധതിയില്‍ സൗകര്യമുണ്ട്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഗുണഭോക്താക്കളെ  തിരഞ്ഞെടുക്കുന്നത്.

 

പദ്ധതിയുമായി  ബന്ധപ്പെട്ട എല്ലാ ധനകാര്യ ഇടപാടുകളും ഡയരക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയിരിക്കും.   നിലവില്‍ ഫിഷറീസ്  വകുപ്പ്  മുഖേന നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതികളിലെ ഗുണഭോക്താക്കളില്‍ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുളളവരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.  വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ അഹമ്മദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സുധീര്‍ കിഷന്‍, നോഡല്‍ ഓഫീസര്‍ വി.സുനീര്‍ എന്നിവര്‍ പങ്കെടുത്തു.  

 

 

date