പേരാവൂര്‍ താലൂക്ക് ആശുപത്രി വികസനത്തിന് 22.16 കോടിയുടെ കിഫ്ബി പദ്ധതിക്ക് അനുമതി
പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആദ്യഘട്ടമായി കിഫ്ബിയില്‍ നിന്നും 22.16 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പേരാവൂര്‍ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ആറ് നിലകളുള്ള കെട്ടിട സമുച്ചയമാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് ഫ്ളോറും രണ്ട് നിലയും രണ്ടാം ഘട്ടത്തില്‍ മൂന്ന് മുതല്‍ ആറ് നിലവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ 109 കിടക്കകളും അതിനോടനുബന്ധിച്ച മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. അത്യാഹിത വിഭാഗം, ജനറല്‍, ശിശുരോഗം, ത്വക്ക് രോഗം, ദന്തരോഗം, അസ്ഥിരോഗം, ഇഎന്‍ടി, പാമ്പ് വിഷ ചികിത്സ എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഫിസിയോതെറാപ്പി, പാലിയേറ്റീവ് കെയര്‍, എക്സ്-റേ, ഫിസിയോ തെറാപ്പി, പിഎംആര്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയറ്റര്‍, ലബോറട്ടറി സംവിധാനം മുതലായവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരാവൂര്‍ ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് വേണ്ടി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്ക്കോസിനെയാണ് കിഫ്ബി ചുമതലപ്പെടുത്തിയിരിക്കുന്നത്
- Log in to post comments