ലൈഫ് പദ്ധതി : ജില്ലയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 60.61 ഏക്കര്‍ സ്ഥലം കണ്ടെത്തി.
ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങളൊരുക്കുന്നതിന് ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ 20 ഇടങ്ങളിലായി 60.61 ഏക്കര്‍ സ്ഥലം കണ്ടെത്തി. പെരിന്തല്‍മണ്ണ നഗരസഭയില്‍ ഏഴ് ഏക്കറും, എടയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 30 ഏക്കറും, പൊന്നാനി നഗരസഭയില്‍ 2.52 ഏക്കറും ലഭ്യമായിട്ടുണ്ട്. അമരമ്പലം പഞ്ചായത്തില്‍ 2.70 ഏക്കറും, തേഞ്ഞിപ്പലം 6.44 ഏക്കറും കണ്ടെത്തി കഴിഞ്ഞു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട.പി.പി.ഫാത്തിമ 50 സെന്റ് സ്ഥലമാണ് പദ്ധതിക്ക് സൗജന്യമായി നല്‍കിയത്. പെരിന്തല്‍മണ്ണ നഗരസഭ, ആലങ്കോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിനു പുറമെ ഭവന നിര്‍മ്മാണത്തിനായി വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെ സാങ്കേതിക പരിശോധന നടന്നുവരികയാണ്.
ജില്ലയില്‍ ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുള്ള 3261 വീടുകളില്‍ 443 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. മേല്‍ക്കൂര നിലയിലുള്ള 390 വീടുകളും ലിന്റല്‍ നിലയിലുള്ള 1319 വീടുകളുമടക്കം 2000ത്തിലധികം വീടുകള്‍ 2018 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കും. 2018 മെയ് 15നകം മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഭൂരഹിത ഭവന രഹിതരുടെയും, ഭൂമിയുള്ള ഭവന രഹിതരായവരുടെയും അന്തിമ ലിസ്റ്റ് 104 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രസിദ്ധീകരിച്ചിട്ടുള്ളു. താനൂര്‍, തിരൂരങ്ങാടി നഗരസഭയാണ് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത്. ജില്ലയില്‍ ആകെയുള്ള 40082 ലൈഫ് ഗുണഭോക്താക്കളില്‍ 25434 പേര്‍ ഭൂരഹിത ഭവനരഹിതരും, 14648 പേര്‍ ഭൂമിയുള്ള ഭവനരഹിതരുമാണ്.
മുന്‍കാല പദ്ധതികളില്‍ ഉള്‍പ്പെട്ടതും ലൈഫില്‍ അധിക ധനസഹായം ലഭിച്ചാലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ പാവപ്പെട്ട ഗുണഭോക്താക്കളുടെ വീടുകള്‍ ഏറ്റെടുക്കുന്നതിന് ലയണ്‍സ് ക്ലബ്ബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകള്‍, ആരാധനാലയങ്ങള്‍ എന്നിവ മുന്നോട്ടുവന്നിട്ടുണ്ട്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഒമ്പത് വീടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ ഏഴ് എണ്ണം പൂര്‍ത്തീകരിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ലയണ്‍സ് ക്ലബ്ബിന്റെ സഹായത്തോടെയും, മലപ്പുറം ബ്ലോക്ക് പൊതുജന ധനസമാഹരണത്തിലൂടെയും രണ്ട് വീടുകള്‍ പൂര്‍ത്തീകരിച്ചു വരുന്നു. ജില്ലയില്‍ എച്ച്.ഡി.എഫ്.സി ബാങ്ക്, മലബാര്‍ ഗോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സി.എസ്സ്.ആര്‍. ഫണ്ട് ഇത്തരം ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കിലയുടെ ആഭിമുഖ്യത്തിലുള്ള പരിശീലന പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍,മറ്റ് ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദേ്യാഗസ്ഥര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 32 സെഷനുകളിലായാണ് പരിശീലനം നടക്കുന്നത്. ഇതില്‍ 12 സെഷനുകള്‍പൂര്‍ത്തീകരിച്ചു,
ലൈഫ് മിഷന്‍ ലക്ഷ്യങ്ങള്‍, ഘടന, പൂര്‍ത്തിയാകാത്ത വീടുകളുടെ പൂര്‍ത്തീകരണം, ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്, ധനസഹായ രീതികള്‍, വിവിധ തരത്തിലുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം, അവയില്‍ ഒരുക്കുന്ന ജീവനോപാധികള്‍, പ്രീ-ഫാബ് സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, ഭൂമി ഏറ്റെടുക്കുമ്പോഴുള്ള മാനദണ്ഡങ്ങള്‍ എന്നിങ്ങനെ ലൈഫ് മിഷന്റെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പരിശീലനം. പരിശീലനത്തില്‍ ജന പ്രതിനിധികളുടെ ലൈഫ് പദ്ധതി സംബന്ധിച്ചുള്ള സംശയ നിവാരണത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.
- Log in to post comments