ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്ന നടപടികളില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കും - മന്ത്രി.ഡോ.കെ.ടി.ജലീല്‍
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം ഉപയോഗിക്കന്നതിന് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന നടപടികളില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച തവനൂര്‍ നിയോജകമണ്ഡലം സഹായ ഉപകരണ നിര്‍ണയ - വിതരണ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതിയുമായി മുന്നോട്ട് വരുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തത് പ്രശ്‌നമാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നിനു മുമ്പുള്ള ലേണേഴ്‌സ് ടെസ്റ്റ് മാത്രം പാസായാല്‍ മതി എന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുക.
സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും കുട്ടികളും വലിയവരുമായി ഏകദേശം നൂറിലധികം ഭിന്ന ശേഷിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും.തവനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂള്‍ പൂര്‍ണ സംവിധാനത്തോടെ പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
30 ലക്ഷത്തിന്റെ സഹായ ഉപകരണങ്ങളാണ് പരിപാടിയേടനുബന്ധിച്ച് വിതരണം ചെയ്യാന്‍ കണക്കാക്കിയത്. ഇതില്‍ 20 ലക്ഷം രൂപക്കുള്ള ഉപകരണങ്ങള്‍ പരിപാടിയില്‍ തന്നെ നല്‍കി. അളവെടുത്ത 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇനി വിതരണം ചെയ്യാനുള്ളത്. ഇവ രണ്ട് മാസത്തിനകം നല്‍കും. 235 ഭിന്നശേഷിക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ക്കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പുറമെ 200 ലധികം പേര്‍ പരിപാടി നടക്കുന്ന സമയവും രജിസ്റ്റര്‍ ചെയ്തു. 50 വീല്‍ ചെയര്‍,70 എം.ആര്‍.കിറ്റ്, 5 ട്രൈസൈക്കിള്‍,60 ശ്രവണ സഹായി, വാക്കിംഗ് സ്റ്റിക്ക്,തെറാപ്പി ബെഡ് എന്നിവ വിതരണം ചെയ്തു.
നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയരക്ടകര്‍ കെ.മൊയ്തീന്‍ക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ദേവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലക്ഷ്മി കെ.,ആര്‍.കെ ഹഫ്‌സത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.കവിത,പി.കുമാരന്‍,ശ്രീജ പാറക്കല്‍,പി.പി.ബിജോയ്,ഹാജിറ മജീദ്, റഹ്മത്ത്‌സൗദ,പൊന്നാനി ശിശുവികസന ഓഫിസര്‍ ഗംഗാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments