കോവിഡ് അതിജീവനം; ആനകള്‍ക്കായുള്ള ഖരാഹാര വിതരണ പദ്ധതിക്ക് തുടക്കമായി
കോവിഡ് അതിജീവനപദ്ധതികളുടെ ഭാഗമായി ആനകള്ക്കും പശുക്കള്ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി മൃഗസംരക്ഷണ വകുപ്പ്. ആനകള്ക്കുള്ള ഖരാഹാര വിതരണപദ്ധതിയുടെ ഉദ്ഘാടനം കുമളി എലഫന്റ് ക്യാമ്പില് ഇ.എസ് ബിജിമോള് എംഎല്എ നിര്വ്വഹിച്ചു. കൊവിഡ് കാലത്ത് എല്ലാ അര്ത്ഥത്തിലും കേരളം ഒരു മാതൃകയാണെന്ന് എംഎല്എ പറഞ്ഞു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അധ്യക്ഷത വഹിച്ചു.
15 വയസ്സിന് മുകളില്‍ പ്രായമുള്ള ജില്ലയിലെ 20 ആനകള്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ദിവസവും 400 രൂപ വിലവരുന്ന ഭക്ഷണവസ്തുക്കള്‍ 40 ദിവസത്തേക്ക് എന്ന കണക്കിലാണ് ആനകള്ക്ക് നല്കുന്നത്. 20 ആനകള്ക്കും ചേര്ന്ന് 2400 കിലോഗ്രാം വീതം അരിയും റാഗിയും 3200 കിലോഗ്രാം ഗോതമ്പും 400 കിലോ മുതിരയും ചെറുപയറും 80 കിലോ ഉപ്പും 8 കിലോഗ്രാം മഞ്ഞള്പ്പൊടിയും 120 കിലോ ശര്ക്കരയും നല്കും. ആനകള്ക്ക് മാത്രം ഭക്ഷണവസ്തുക്കള്ക്ക് ലഭ്യമാക്കാന്‍ 3.2 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്.
ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ക്ഷീരകര്ഷകരെ സഹായിക്കുവാന്‍ 741 പശുക്കള്ക്ക് മൃഗസംരക്ഷണ വകുപ്പ് കാലിത്തീറ്റ നല്കി. ഓരോ പശുവിനും നൂറ് കിലോ കാലിത്തീറ്റയെന്ന കണക്കില്‍ കേരളാഫീഡ്സ് മുഖേനെയാണ്് കാലിത്തീറ്റ എത്തിച്ചത്. ആകെ 1482 ചാക്ക് കാലിത്തീറ്റ ജില്ലയിലെ 41 പഞ്ചായത്തുകളിലായി വിതരണം ചെയ്തു. പത്തൊമ്പത്ലക്ഷത്തി എഴുപത്തെണ്ണായിരത്തി നാനൂറ്റി എഴുപത് രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. ആനകള്ക്കും പശുക്കള്ക്കും ചേര്ന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ 23 ലക്ഷം രൂപയാണ് മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ ചിലവഴിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ, അഴുത ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുള്‍ റസാഖ്, പഞ്ചായത്തംഗങ്ങളായ ഉഷാ രാജന്‍, കെ എസ് ഷാജി മോന്‍, ആന്സി ജെയിംസ്, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ജിജിമോന് ജോസഫ്, ഡെപ്യൂട്ടി ഡയറകടര്‍ ഡോ.ബിനോയി പി മാത്യു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. കെ എം ജേക്കബ്, പി ആര് ഒ ഡോ. ബിജു ജെ ചെമ്പരത്തി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments