Skip to main content

വണ്ടൂരിലെ ഭിന്നശേഷിക്കാരുടെ തെറാപ്പി സെന്റര്‍  ഇനി സ്വന്തം  കെട്ടിടത്തില്‍

     വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തെറാപ്പി സെന്ററിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. വണ്ടൂര്‍ അമ്പലപ്പടിയില്‍ കെ.എസ.്ഇ.ബി സബ് സ്റ്റേഷന് സമീപമാണ് 35 ലക്ഷം രൂപയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ തെറാപ്പി സെന്റര്‍ നിര്‍മിക്കുന്നത്. നാല് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും.    
   നിലവില്‍ വി.എം.സി സ്‌കൂളിലെ വാടക കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിലാണ് തെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാത്രമായിരുന്നു ഇവിടെ ചികിത്സ ലഭ്യമായിരുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസം സാധ്യമാകുമെന്ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍  പറഞ്ഞു.
  ബ്ലോക്കിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി 130 കുട്ടികളാണ് സെന്ററില്‍ ചികിത്സ നേടുന്നത്. ഫിസിയോ, സ്പീച്ച്, സൈക്കോളജി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ വൈദഗ്ധ്യം നേടിയവരാണ് തെറാപ്പി നടത്തുന്നത്. മാനസിക ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്ന  കുട്ടികളുടെ ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആശയവിനിമയം സുതാര്യമാക്കാനും പഠന വൈകല്യങ്ങള്‍ അകറ്റി വ്യക്തിഗത വിദ്യാഭ്യാസം നല്‍കാനും സഹായിക്കുന്ന തെറാപ്പി സെന്റര്‍  2019 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
 

date