Skip to main content

കോട്ടപ്പുറം ചന്തയിൽ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു

രോഗവ്യാപനത്തോത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോട്ടപ്പുറം ചന്തയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുവാൻ തീരുമാനം. ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന വ്യാപാരി-തൊഴിലാളി സംഘടനാ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മൊത്തക്കച്ചവട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഒരു സമയത്ത് 5 പേർക്കായി നിയന്ത്രിക്കും. സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യാപാരികൾ, തൊഴിലാളികൾ പൊതു ജനങ്ങൾ തുടങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചന്ത ദിവസങ്ങളിൽ കോട്ടപ്പുറം മാർക്കറ്റിൽ നഗരസഭയുടെ നേതൃത്വത്തിൽ അന്യസംസ്ഥാന വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ആരോഗ്യ പരിശോധനയും അണുനശീകരണവും നടത്തും. ചന്ത ദിവസങ്ങളല്ലാത്ത ഇടദിവസങ്ങളിൽ പലചരക്ക് വ്യാപാരികൾക്ക് വേണ്ടിയെത്തുന്ന ചരക്കുലോറികളിൽ സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കാൻ കോട്ടപ്പുറത്തെ മുഴുവൻ വ്യാപാരികളുടെയും യോഗം വിളിച്ചു ചേർക്കും. നിലവിൽ പകൽ 1.30 വരെയാണ് മാർക്കറ്റിൽ ചരക്ക് ഇറക്കുന്നത്. എന്നാൽ വ്യാപാരികൾ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറാകുന്ന പക്ഷം വൈകുന്നേരം 6 മണി വരെ ചരക്ക് ഇറക്കുന്നതിന് യോഗം തീരുമാനിച്ചു.
കോട്ടപ്പുറം മാർക്കറ്റിലേയ്ക്ക് വരുന്ന അന്യ സംസ്ഥാനങ്ങളിലെ ചരക്കുകൾ മാർക്കറ്റിൽ അല്ലാതെ പുറത്തുള്ള കേന്ദ്രങ്ങളിൽ ഇറക്കുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുവെന്ന് വിലയിരുത്തിയ യോഗം ഇക്കാര്യം നിരുത്സാഹപ്പെടുത്താനും കർശന നടപടി എടുക്കാനും തീരുമാനിച്ചു. എല്ലാ കച്ചവടക്കാരും തങ്ങളുടെ സ്ഥാപനങ്ങളിൽ സോപ്പ്, വെള്ളം, സാനിറ്റൈസർ, മാസ്‌ക്ക്, മുതലായവ കരുതേണ്ടതാണ്. അല്ലാത്തപക്ഷം പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഉണ്ടായിരിക്കുന്നതാണ്. ചന്ത നിയന്ത്രണവിധേയമായി നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്ന പക്ഷം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കടകൾ തുറക്കുന്നതിന് വേണ്ടി തീരുമാനമെടുക്കുന്നതിന് ജില്ലാ കളക്ടർക്ക് ശുപാർശ നൽകും.  

date