Skip to main content

ബീഡി തൊഴിലാളി ക്ഷേമനിധി സംയുക്ത യോഗം 

    കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബീഡി തൊഴിലാളികളുടെ ബീഡി തൊഴിലാളി ക്ഷേമനിധി അംഗത്വം സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ബീഡി നിര്‍മ്മാണ മേഖലയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും ഭാരത് ബീഡി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സംയുക്ത യോഗം ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രിയുടെ  സാന്നിധ്യത്തില്‍ 2018 ജനുവരി 22ന് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കുവാന്‍ തീരുമാനിച്ചു. ഭാരത് ബീഡി കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളെയും, ബീഡി തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കാന്‍ തീരുമാനിച്ചു. 2011 മുതലുള്ള തൊഴിലാളി ക്ഷേമ വിഹിതവും, തൊഴിലുടമ ക്ഷേമ വിഹിതവും, ഈ മാസം മുതല്‍ ഡിസംബര്‍ വരെ ഗഡുക്കളായി അടയ്ക്കുവാന്‍ തീരുമാനിച്ചു. ഭാരത് ബീഡി കമ്പനിയിലെ നിലവില്‍ പാസ് ഇല്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും പാസ് നല്‍കും. നിലവില്‍ ജോലി ചെയ്ത് വരുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കൂ. തൊഴിലാളി തൊഴിലുടമാ അംശാദായ കുടിശിക ഈ മാസം മുതല്‍ ഡിസംബര്‍ വരെ 8 തുല്യ ഗഡുക്കളായി അടയ്ക്കും.
                യോഗത്തില്‍ വിവിധ ട്രേഡ് യൂണിനുകളെ പ്രതിനിധീകരിച്ച് കെ.പി സഹദേവന്‍, പൂക്കോടന്‍ ചന്ദ്രന്‍, കെ.നാരായണന്‍, പി.നാരായണന്‍, കെ.കുഞ്ഞിരാമന്‍, ഡി.സുബ്ബണ്ണ, പി.നാരായണന്‍, വി.സുരേന്ദ്രന്‍, കെ.ഭാസ്‌കരന്‍, ടി.പിശ്രീധരന്‍, കെ.ശാരദ(സി.ഐ.ടി.യു), കെ. എം ശ്രീധരന്‍. പി.പി ക്യഷ്ണന്‍,(ഐ.എന്‍.ടി.യു.സി), പലേരി മോഹനന്‍, അമായ(എ.ഐ.ടി.യു.സി), വി.വി ബാലക്യഷ്ണന്‍, കെ.കുമാരന്‍, ടി.ക്യഷ്ണന്‍,(ബി.എം.എസ്), എം.കുഞ്ഞമ്പു(എച്ച്.എം.എസ്), ടി.അബ്ദുല്‍ റഹിമാന്‍, ടി.കെ ഹുസൈന്‍(എസ്.ടി.യു) തുടങ്ങിയവരും, തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബി.നാരായണപൈ, എം.അശോക് ഷേണായ്, ദയാനന്ത് തുടങ്ങിയവരും പങ്കെടുത്തു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എം സുനില്‍ സ്വാഗതവും റീജ്യണല്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.സജീവന്‍ നന്ദിയും പറഞ്ഞു.
 

date