Skip to main content

തവനൂരിലെ തീരദേശ മേഖലയില്‍ രണ്ട് സര്‍ക്കാര്‍  സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം:  പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മംഗലം, പുറത്തൂര്‍ പഞ്ചായത്തുകളില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കിഫ്ബി സഹായത്തോടെ തീരദേശ മേഖലയിലെ കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂള്‍, പുറത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായിരുന്നു. ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,  മന്ത്രിമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്, ഡോ.കെ.ടി.ജലീല്‍, ഡോ.ടി.എം തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പങ്കെടുത്തു.
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 56 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ കെട്ടിട നിര്‍മാണത്തിനായി കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂളിന് 33 ലക്ഷവും പുറത്തൂര്‍ ഗവ. യു.പി സ്‌കൂളിന് ഒരു കോടി രൂപയും അനുവദിച്ചത്. പുറത്തൂര്‍ ഗവ. യു.പി സ്‌കൂളില്‍ എട്ട് ക്ലാസ് മുറികളും, കൂട്ടായി നോര്‍ത്ത് ഗവ. എല്‍. പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികളുമാണ് പുതിയതായി നിര്‍മിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് നിര്‍മാണം.  
കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രകാരം കൂട്ടായി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മംഗലം, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date