Skip to main content

കുന്നപ്പള്ളി റെയിലുംകര ഹൈടെക്ക് അങ്കണവാടി  ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ നഗരസഭ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡ് കുന്നപ്പള്ളി റെയിലുംകരയില്‍ നിര്‍മിച്ച ഹൈടെക് അങ്കണവാടി നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലിം  ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലത്താണ് ഹൈടെക് അങ്കണവാടി നിര്‍മിച്ചിട്ടുള്ളത്. 800 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച കെട്ടിടം  ശിശു സൗഹൃദമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. വര്‍ണ്ണ ചിത്രങ്ങള്‍ വരച്ച ചുമരുകള്‍, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, ടി.വി, ലാപ്‌ടോപ്പ്, സൗണ്ട് സിസ്റ്റം, ആധുനിക പഠനോപകരണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും അങ്കണവാടിയില്‍ ഒരുക്കിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അങ്കണവാടിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 13 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിര്‍മാണം പൂര്‍ത്തികരിച്ചത്.
നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന 12 അങ്കണവാടികളില്‍ ആറാമത്തേതാണ് കുന്നപ്പള്ളി റെയിലും കരയിലുള്ളത്. ആനത്താനം, ലക്ഷംവീട്, ചെമ്പന്‍കുന്ന്, കുന്നപള്ളി, നാരങ്ങാകുണ്ട്, ആശാരിക്കര തുടങ്ങിയ അങ്കണവാടികളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് അങ്കണവാടികളുടെ പണികള്‍ പുരോഗമിക്കുകയാണ്.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ്  അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  ശോഭന ടീച്ചര്‍, കൗണ്‍സിലര്‍ റജീന ഷൈജല്‍, ജയശ്രീ ടീച്ചര്‍, പത്തത്ത് ആരിഫ്, ഐ.സി.ഡി.എസ്  സൂപ്പര്‍വൈസര്‍ പി. ആയിഷ, അമ്പിളി മനോജ്,  വി.കെ യൂസുഫ്, ടി. റഊഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date