1,31,198 ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ; ജല ജീവൻ പദ്ധതിക്ക് ജില്ലയിൽ കർമ്മപരിപാടിയായി
ആലപ്പുഴ: ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ജില്ലയിലെ നടപടികൾ ഊർജ്ജിതമാക്കി. പദ്ധതിയുടെ ആദ്യഘട്ടമായി 2020-21 വർഷം 1,31,198 വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കും. ഇതിന് കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കർമ്മപരിപാടി തയ്യാറാക്കിക്കഴിഞ്ഞു.
തദ്ദേശസ്ഥാപന അധികൃതരുമായി കളക്‌ടർ എ.അലക്‌സാണ്ടറിന്റെ സാന്നിധ്യത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപന അധികൃതരുമായിവീഡിയോ കോൺഫറൻസിംഗിലൂടെ പദ്ധതിയുടെ വിശദശാംശങ്ങൾ ചർച്ച ചെയ്‌തു. കളക്‌ടറുടെ ചേംബറിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വീഡിയോ കോൺഫറൻസിംഗിൽ ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പ്രകാശൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
നിലവിൽ കുടിവെള്ള പദ്ധതികളില്ലാത്ത ഒൻപതെണ്ണമൊഴികെ ജില്ലയിലെ 63 ഗ്രാമപഞ്ചായത്തുകളികളിലാണ് നൂറുകോടിയിലേറെ രൂപ ചെലവിൽ ആദ്യഘട്ടത്തിൽ ഗാർഹിക കണക്ഷൻ നൽകുകയെന്ന് അതോറിറ്റിയുടെ പ്രോജക്‌ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എ. ഷീജ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും 50% വീതം ചെലവ് വഹിക്കുന്ന പദ്ധതിയാണ് ജല ജീവൻ മിഷൻ.
സംസ്ഥാന വിഹിതത്തിൽ 25% സംസ്ഥാന സർക്കാരും പതിനഞ്ചു ശതമാനത്തിൽ കുറയാത്ത തുക തദ്ദേശ സ്ഥാപനവും വഹിക്കും. പത്തുശതമാനം ഗുണഭോക്തൃ വിഹിതമാണ്. എന്നാൽ സാമ്പത്തികശേഷിയില്ലാത്ത ഗുണഭോക്താക്കളുടെ വിഹിതം തദ്ദേശ സ്ഥാപനത്തിന് വഹിക്കാവുന്നതാണ്. ജല അതോറിറ്റിക്ക് നടത്തിപ്പു ചുമതലയുള്ള പദ്ധതിയുടെ നിർവ്വഹണ മേൽനോട്ടം ജില്ല കളക്‌ടർ അധ്യക്ഷനായ ജില്ലാതല സമിതിക്കായിരിക്കും.
പദ്ധതിവിഹിതം സംബന്ധിച്ച തദ്ദേശസ്ഥാപനങ്ങളുടെ പ്രമേയം ലഭിക്കുന്ന മുറയ്ക്ക് ദിവസങ്ങൾക്കകം സമഗ്ര പദ്ധതിരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കും. 2024വരെ തുടരുന്ന ജല ജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിലെ അഞ്ചുലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിക്കും.
- Log in to post comments