Skip to main content

സോഷ്യൽ മീഡിയായിൽ തരംഗമായി മോട്ടോർ വാഹന വകുപ്പിന്റെ അനിമേഷൻ വീഡിയോ " ഗോ കൊറോണ ഗോ" ...

പൊതു നിരത്തുകളിലൂടെയും വാഹനങ്ങളിലൂടെയും കൊറോണ വ്യാപനം തടയുന്നതിന് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കുന്ന രീതിയിൽ ചെയ്ത അനിമേഷൻ വീഡിയോ വൈറലാകുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഈ അനിമേഷൻ ഷെയർ ചെയ്തത്. മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഒരുക്കിയ ഈ അനിമേഷൻ കേരളാ പോലീസടക്കം നിരവധി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളാണ് പങ്ക് വച്ചത്.

മലപ്പുറം കൊണ്ടോട്ടി ഭാഗത്ത് ഉപയോഗിക്കുന്ന പ്രാദേശിക സംസാര രീതിയിലാണ് ഇതിലെ സംഭാഷണം നർമ്മത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്നത്. പൊതു ഗതാഗത രംഗത്തും വാഹനങ്ങൾ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും , മാസ്ക് ഉപയോഗിക്കേണ്ടുന്നതിന്റെയും സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ പ്രാധാന്യം വിവരിക്കുന്ന അനിമേഷനിൽ ക്വാറന്റായനിൽ കഴിയുന്നവർ പാലിക്കേണ്ടുന്ന കാര്യങ്ങളും രസകരമായി അവതരിപ്പിക്കുന്നു.

ലോക് ഡൗണിൽ ഇളവ് നൽകുമ്പോൾ പാലിക്കേണ്ട മുന്നറിയിപ്പുകളുമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ "വേണം ജാഗ്രത" എന്ന ശ്രദ്ധേയമായ വീഡിയോ ആൽബം സംവിധനം ചെയ്ത മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ശ്രീ ദിലീപ് കുമാർ തന്നെയാണ് "ഗോ കൊറോണ ഗോ" എന്ന അനിമേഷന്റെയും രചന നിർവ്വഹിച്ചത്. ദ്രവ്യ കൺസപ്റ്റിന് വേണ്ടി ഡോ. നിസാർ മുഹമ്മദാണ് അനിമേഷൻ നിർവ്വഹിച്ച അനിമേഷന് ശബ്ദം നൽകിയത് നർമ്മ വീഡിയോകളിലൂടെ ശ്രദ്ധേയനായ പാണാളി ജുനൈസാണ്.

വാഹന ഉടമകൾക്കും പൊതുജനങ്ങൾക്കുമുള്ള നിർദേശങ്ങൾ പെട്ടെന്ന് ജനങ്ങളിലേക്കെത്തിക്കുന്നതിന് ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച മീഡിയ സെല്ലിന് വേണ്ടി ചുരുങ്ങിയ ചിലവിൽ നിർമ്മിച്ചതാണ് "ഗോ കൊറോണ ഗോ" .

സാരഥി, വാഹൻ ,ഇ-ചല്ലാൻ എന്നീ സോഫ്റ്റവെയറുകളിലേക്ക് മാറുന്നതോടുകൂടി മോട്ടോർ വാഹന വകുപ്പിന്റ സേവനങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് കാതലായ മാറ്റങ്ങൾ വരികയാണ്. ഈ മാറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഡിപ്പാര്‍ട്ട്മെന്റ് സംബന്ധമായ അറിയിപ്പുകളും,  ബോധവല്‍ക്കരണ വീഡിയോകളും മറ്റും പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനും  വേണ്ടിയാണ് മീഡിയാ സെല്ലിന്റെ പ്രവർത്തനം വിപുലീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത് എന്ന് മീഡിയ സെല്ലിന്റെ കോർഡിനേറ്റർ കൂടിയായ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജീബ്. കെ.എം. പറഞ്ഞു. @mvdkerala എന്ന ഹാഷ് ടാഗിൽ ഫേസ് ബുക്ക്, യൂടൂബ്, ട്വിറ്റർ, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പുകൾ ലഭ്യമാണ്.
 

date