Skip to main content

മോക്ഡ്രില്ലുകൾ പൂർണ്ണമായി; അടിയന്തര സാഹചര്യം നേരിടാൻ സജ്ജം

എറണാകുളം: പ്രകൃതി ദുരന്തങ്ങളുടെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജില്ല പൂർണ്ണ സജ്ജമായി. ഓരോ പ്രദേശത്തെയും ദുരന്ത സാഹചര്യങ്ങളുടെ മാതൃക സൃഷ്ടിച്ച് തയാറെടുപ്പുകൾ അവലോകനം ചെയ്യുന്ന മോക് ഡ്രില്ലുകൾ ജില്ലയിൽ പൂർത്തിയായി. താലൂക്ക് അടിസ്ഥാനത്തിലായിരുന്നു മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചത്. ഏഴ് താലൂക്കുകളിലും ഇൻസിഡൻറ് റെസ്പോൺസ് സിസ്റ്റത്തിൻ്റെ പ്രവർത്തനങ്ങളും സജീവമായി.

പറവൂർ താലൂക്കിൽ  ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പുഴകളിലെ ജലനിരപ്പ് ജനവാസ കേന്ദ്രങ്ങളെ ബാധിക്കുമ്പോൾ എടുക്കേണ്ട തയാറെടുപ്പുകളെ അവലോകനം ചെയ്യുന്നതായിരുന്നു താലൂക്കിലെ മോക്ഡ്രിൽ. ജനങ്ങളെ മാറ്റുന്ന നാല് തരം ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും വിജയകരമായി വിലയിരുത്തി. റവന്യൂ, അഗ്നിശമന സേന, പോലീസ്, ആരോഗ്യം, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മോക്ഡ്രില്ലിൽ പങ്കെടുത്തു.

ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ്റെ നേതൃത്വത്തിൽ ആലുവയിലെ ഇൻസിഡൻറ് റെസ്പോൺസ് സിസ്റ്റം സജീവമായി. താലൂക്കിലെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്തിൽ മോക്ഡ്രില്ലും പൂർത്തിയാക്കി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കാനകളും തോടുകളും വൃത്തിയാക്കുന്ന ജോലികൾ ഇതുവരെയും പൂർത്തിയാക്കാത്ത പഞ്ചായത്തുകൾക്ക്  പ്രവൃത്തികൾ പൂർത്തിയാക്കാനും നിർദ്ദേശങ്ങൾ നൽകി.

കണയന്നൂർ താലൂK.എ.ഡപ്യൂട്ടി കളക്ടർ എം.വി.സുരേഷ് കുമാറിൻ്റെ മേൽനോട്ടത്തിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുക. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 19-ാം വാർഡിൽ മോക്ഡ്രിൽ പൂർത്തിയാക്കി. ക്യാമ്പുകളുടെ സജ്ജീകരണങ്ങൾ വിലയിരുത്തി. ക്വാറൻറീനിൽ കഴിയുന്നവരെയും 60 വയസിനു മുകളിലുള്ളവരെയും മാറ്റിത്താമസിപ്പിക്കാനായി തയാറാക്കിയ ക്യാമ്പുകളും പരിശോധിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും വിലയിരുത്തി.

കുന്നത്തുനാട് താലൂക്കിൽ എൽ.ആർ ഡപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിൻ്റെ നേതൃത്വത്തിലാണ് ഇൻസിഡൻറ് റെസ്പോണ്സ് സിസ്റ്റം പ്രവർത്തിക്കുന്നത്. മോക്ഡ്രിൽ പൂർത്തിയായി. ദുരന്തങ്ങൾ കൂടുതൽ ബാധിച്ചേക്കാവുന്ന ഒക്കൽ പഞ്ചയത്തിലായിരുന്നു മോക്ക് ഡ്രിൽ.
മോക്ഡ്രില്ലിൻ്റെ ഭാഗമായി മഴയിൽ വെള്ളം കയറുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒക്കൽ എൽ.പി.സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.  റവന്യൂ, അഗ്നിശമന സേന, പോലീസ്, ആരോഗ്യം, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടന പ്രവർത്തകരും മോക്ഡ്രില്ലിൽ പങ്കെടുത്തു.

മുവാറ്റുപുഴ താലൂക്കിൽ ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായരാണ് മോക്ക്ഡ്രില്‍ നയിച്ചത്. കഴിഞ്ഞ രണ്ട് വർഷവും ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ  ദുരന്ത സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ യോഗങ്ങൾ നടത്തുവാനും ജനപ്രതിനിധികളുടെ സഹകരണത്തോടെ മുന്നൊരുക്കങ്ങൾ നടത്തുവാനും താലൂക്കിൽ തീരുമാനമായി. ഇതിനായി ദുരന്ത നിവാരണ സമിതികൾ രൂപികരിക്കും. പ്രളയബാധിത പ്രദേശങ്ങളിൽ വഞ്ചികൾ , ബോട്ടുകൾ എന്നിവ ലഭ്യമാക്കാനും  മൂവാറ്റുപുഴ ഫയർ സ്റ്റേഷനിൽ പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുവാനും  തീരുമാനമെടുത്തു.
മണ്ണിടിഞ്ഞ് ദുരന്തം വന്നാൽ നേരിടാനുള്ള തയാറെടുപ്പുകളാണ് കോതമംഗലം താലൂക്കിലെ മോക്ഡ്രില്ലിൽ അവലോകനം ചെയ്തത്. മെട്രോ ഡപ്യൂട്ടി കളക്ടർ അമൃതവല്ലിയുടെ നേതൃത്വത്തിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുക. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ വകുപ്പുകളെയും മോക്ഡ്രില്ലുകളിൽ ഉൾപ്പെടുത്തി.

കടലാക്രമണ സാധ്യതയുള്ള കൊച്ചി താലൂക്കിലെ ചെല്ലാനം പഞ്ചായത്തിലാണ് മോക്ഡ്രിൽ നടത്തിയത്. ഡപ്യൂട്ടി കളക്ടർ പി.എ.പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. കടലാക്രമണ മുന്നറിയിപ്പുണ്ടായാൽ ആളുകളെ ഒഴിപ്പിക്കുന്ന മാതൃകയാണ് സ്വീകരിച്ചത്.

കൂടാതെ ജില്ലാ , താലൂക്ക്, വില്ലേജ്, പഞ്ചായത്ത് തലത്തിലുള്ള വാർത്താവിനിമയ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തി. ടെലിഫോൺ, എസ്.എം.എസ്, വാട്സ് ആപ്, മൊബൈൽ , സാറ്റലൈറ്റ് ഫോൺ എന്നിവ പ്രവർത്തനസജ്ജമാണെന്നും ഉറപ്പു വരുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗരേഖ പ്രകാരമുള്ള ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സംവിധാനത്തിന്‍റെ പ്രവർത്തനങ്ങളും കോവിഡ് പശ്ചാത്തലത്തിലുള്ള ഒഴിപ്പിക്കൽ പ്രക്രിയകളും പ്രത്യേക നിരീക്ഷണത്തിനു വിധേയമാക്കി. ക്യാമ്പ് പരിപാലന രീതികൾ, ഡാമിൻ്റ പ്രവർത്തനങ്ങൾ , വിഭവങ്ങളുടെ പട്ടിക തയാറാക്കൽ , വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപന പ്രവർത്തനം, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഫലപ്രദമായ ഉപയോഗം , വിഭവങ്ങളുടെ ഉപയോഗപ്പെടുത്തൽ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമോ എന്നും മോക്ഡ്രില്ലുകളിൽ വിലയിരുത്തി.

date