Skip to main content

ആഗ്രഹിച്ച ലാപ്ടോപ് കൈകളിൽ; കളക്ടർക്ക് നന്ദി പറഞ്ഞ് സ്നേഹ

എറണാകുളം: സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന സ്നേഹയുടെ പരാതിക്ക് ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണുകയായിരുന്നു കളക്ടർ എസ്.സുഹാസ്. സ്നേഹക്കും സഹോദരങ്ങൾക്കും പഠിക്കാനായി ലാപ്ടോപാണ് ജില്ലാ കളക്ടർ നൽകിയത്. സഫലം പരാതി പരിഹാര അദാലത്തിലൂടെ പരാതി അറിയിച്ച സ്നേഹക്ക് , പരിഹാരം കാണാം എന്ന മറുപടിയാണ് ആദ്യം നൽകിയത്. 

20 ദിവസത്തിനുള്ളിൽ തന്നെ ലാപ്ടോപ്പ് സ്നേഹയുടെ കൈകളിലേക്ക് കൈമാറി കളക്ടർ വാക്കുപാലിക്കുകയും ചെയ്തു.. ഇന്നലെ ഉച്ചയ്ക്ക് കളക്ടറുടെ ചേംബറിൽ സ്നേഹ ലാപ്ടോപ്പ് ഏറ്റുവാങ്ങി. 

 

കോതമംഗലം താലൂക്കിലെ സഫലം പരാതി പരിഹാര അദാലത്തിലാണ് സ്നേഹ തൻ്റെ ആവശ്യം അറിയിച്ചത്. 

വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പരപ്പിൽ വീട്ടിൽ ബിജുവിൻ്റെയും സോണിയയുടെയും മകളായ സ്നേഹ ആലപ്പുഴ സെൻ്റ്.ജോസഫ് കോളേജിൽ രണ്ടാം വർഷ ബിരുദ പരീക്ഷയെഴുതാൻ തയാറെടുക്കുകയാണ്. അതോടൊപ്പം ആലപ്പുഴ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ റോവിംഗ് പരിശീലനവും നടത്തുന്നു. അനിയൻ രണ്ടാം ക്ലാസിലും അനിയത്തി പ്ലസ് ടുവിനും പഠിക്കുന്നു. മൂന്നു പേർക്കും  പഠിക്കാനുള്ള സൗകര്യങ്ങൾ വീട്ടിലില്ല. വീട്ടിൽ ബിജുവിനു മാത്രമാണ് സ്മാർട്ട് ഫോണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ബിജുവിനാണെങ്കിൽ ജോലി ആവശ്യത്തിനായി ഫോൺ ഉപയോഗിക്കുകയും വേണം. മക്കൾക്ക് മൂന്നു പേർക്കും പുതിയ ഫോൺ വാങ്ങി നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. പിന്നീട് പ്രശ്ന പരിഹാരത്തിനായി കളക്ടറെ സമീപിക്കാൻ സ്നേഹ തീരുമാനിക്കുകയായിരുന്നു. കോഴിപ്പിള്ളി അക്ഷയ കേന്ദ്രത്തിലെത്തിയാണ് പരാതി നൽകിയത്. അടുത്ത ദിവസം അക്ഷയ കേന്ദ്രത്തിലെത്തി കളക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു. പരിഹാരം കാണാമെന്ന് കളക്ടർ അന്ന് മറുപടി നൽകി. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ സഹകരണത്തോടെയാണ് ലാപ്ടോപ് നൽകിയത്. സ്നേഹ ഇന്നലെ കളക്ടറേറ്റിലെത്തി സ്നേഹ ലാപ്ടോപ് ഏറ്റുവാങ്ങി. നന്നായി പഠിക്കണം എന്ന ആശംസയോടെയാണ് കളക്ടർ ലാപ്ടോപ്പ് കൈമാറിയത്. പഠിക്കാമെന്ന ഉറപ്പും നന്ദിയും അറിയിച്ചാണ് സ്നേഹ ലാപ് ടോപ്പ് ഏറ്റുവാങ്ങിയത്.

 

--

date