അടിയന്തരഘട്ടങ്ങളിൽ സഹായകമാകുന്ന കൈപ്പുസ്തകവുമായി വാഴക്കുളം പഞ്ചായത്ത്
എറണാകുളം: പ്രളയമുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി, വാഴക്കുളം ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ 'നമ്മൾ നമുക്കായ്' കൈപ്പുസ്തകം ജില്ലാ കളക്ടർ എസ്. സുഹാസ് പ്രകാശനം ചെയ്തു. 2018, 2019 വർഷങ്ങളിലെ പ്രളയത്തിന്റെ അനുഭവത്തിൽ നിന്നാണ് പെരിയാറിന്റെ തീരത്തുള്ള വാഴക്കുളം പഞ്ചായത്ത് ദുരന്ത സമയത്ത് സഹായകരമാവുന്ന നിർദ്ദേശങ്ങളും വിവരങ്ങളും ഉൾക്കൊള്ളിച്ച കൈപ്പുസ്തകം തയ്യാറാക്കിയത്.
അടിയന്തരഘട്ടത്തിൽ ബന്ധപ്പെടേണ്ട ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് സർവീസ്, ജെ.സി.ബി, ക്രയിൻ, വള്ളങ്ങൾ, ഹെവി ട്രക്ക്, ഗ്യാസ്കട്ടർ, മരംവെട്ട് തുടങ്ങിയ സേവനങ്ങൾക്കായുള്ള ഫോൺ നമ്പറുകൾ, ദുരന്ത സാഹചര്യങ്ങളിൽ ഓരോ വാർഡുകളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച റാപിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) അംഗങ്ങളുടെ വിവരങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾക്കായി കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങൾ തുടങ്ങി ദുരന്തസാഹചര്യം നേരിടാൻ സഹായകരമായ എല്ലാ വിവരങ്ങളും അടങ്ങിയതാണ് കൈപ്പുസ്തകം.
പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ, അസി. സെക്രട്ടറി പി. കെ സത്യനാരായണൻ, എന്നിവർ ചേർന്നാണ് കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ , സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് , ഡി.ഡി.പി എസ്. മാലതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments