Skip to main content

കെയർ ഹോം പദ്ധതി രണ്ടാംഘട്ടം: സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 16 ന് പഴയന്നൂരിൽ

പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 16ന് രാവിലെ 10 30 ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തറക്കല്ലിടും. യു ആർ പ്രദീപ് എംഎൽഎ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്ക് സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങളാണ് നിർമ്മിച്ച് നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് പഴയന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡായ കുന്നംപുള്ളിയുടെ ഒരേക്കർ ആറ് സെന്റ് സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. 36 വീടുകൾ മൂന്നു ബ്ളോക്കുകളിലായാണ് നിർമ്മിക്കുക.
കെയർ ഹോം പദ്ധതി പ്രകാരം സംസ്ഥാനത്ത് 2000 വീടുകളാണ് ആദ്യഘട്ടത്തിൽ പണി പൂർത്തീകരിച്ച് ഉപഭോക്താക്കൾക്ക് കൈമാറിയത്. ജില്ലയിൽ ഈ പദ്ധതി പ്രകാരം 540 വീടുകൾ പണിത്. ഇതിന് പുറമേ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2991 വീടുകളാണ് ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേർന്ന് നിർമ്മിച്ച് നൽകിയത്.
ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചാണ് പരിപാടി നടത്തുക. 50 പേർ മാത്രമാണ് സംബന്ധിക്കുക. സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, കേരള നിയമസഭ ചീഫ് വിപ്പ് അഡ്വ കെ രാജൻ, രമ്യ ഹരിദാസ് എംപി, യു ആർ പ്രദീപ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ് ഷാനവാസ്, സഹകരണ സംഘം രജിസ്ട്രാർ ഡോ നരസിംഹു ഗാരി ടി എൽ റെഡ്ഡി എന്നിവർ പങ്കെടുക്കും.
പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഖുർഷിദ് വി എ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡെപ്യൂട്ടി രജിസ്ട്രാർ ലളിതാംബിക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date