കോവിഡ് 19 : കീം 2020 പരീക്ഷ നടത്തിപ്പിന് മാർഗനിർദ്ദേശമായി
തൃശൂരിൽ കീം 2020 പരീക്ഷ നടത്തിപ്പിനായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലയിൽ 40ഓളം പരീക്ഷാ സെന്ററുകളിലായി 11,800 വിദ്യാർത്ഥികളാണ് കേരള മെഡിക്കൽ എഞ്ചിനീയറിംഗ് ആർക്കിടെക്ച്ചർ എക്‌സാം അഥവാ കീം 2020ന് രജിസ്റ്റർ ചെയ്തത്. ഇതിനായി 680ലധികം ക്ലാസ് മുറികൾ ജില്ലയിൽ സജ്ജമാക്കിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. 21 പരീക്ഷ സെന്ററുകൾ ഫയർഫോഴ്‌സും, 10 സെന്ററുകൾ കോർപ്പറേഷനും, 9 സെന്ററുകൾ സന്നദ്ധ പ്രവർത്തകരും ശുചീകരിച്ചു വരുന്നു. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികളുടെ യാത്രാസൗകര്യം അതത് പരീക്ഷ സെന്ററുകൾ അവശ്യപ്പെടുന്നതിനനുസരിച്ച് കെഎസ്ആർടിസി ലഭ്യമാക്കും. പരീക്ഷാ ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം, പരീക്ഷാ നടത്തിപ്പ് ക്രമീകരണം, കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും യാത്ര എന്നിവയുടെ ചുമതല പോലീസ് വകുപ്പിനെ ഏൽപ്പിച്ചു. പരീക്ഷ നടത്തിപ്പിന് ഹുസൂർ ശിരസ്തദാറിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു. വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക്ക് എന്നിവ നൽകാനും അവ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുന്നതിനും ലെയ്സൺ ഓഫീസർമാരെ ചുമതലപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ വാഹന സൗകര്യം വിദ്യാലയങ്ങളിൽ ഏർപ്പെടുത്തും. വിദ്യാർഥികൾ കുടിവെള്ളം കൊണ്ട് വരുന്നതാണ് നല്ലതെന്നും യോഗം നിർദേശിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ പരീക്ഷ നടത്താൻ അനുവദിക്കൂ. ജില്ലാ കളക്ടറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന കീമിന്റെ ജില്ലാതല അവലോകന യോഗത്തിൽ ഫയർഫോഴ്‌സ്, ഗതാഗതം, പോലീസ്, പഞ്ചായത്ത്, ആരോഗ്യം എന്നീ വകുപ്പ് പ്രതിനിധികൾ, ലെയ്സൺ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments