പ്രതിസന്ധികളെ മറികടക്കാൻ കേരളത്തിന് തുണയായത് സഹകരണ മേഖല; മുഖ്യമന്ത്രി പിണറായി വിജയൻ
ഏത് ആപത്തിലും ഒപ്പമുണ്ടെന്ന വിശ്വാസമാണ് സഹകരണ മേഖലയെ ജനങ്ങൾക്ക് പ്രിയമുള്ളതാക്കുന്നതെന്നും അത് കാത്ത് സൂക്ഷിക്കാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയന്നൂരിൽ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന്റെ സംസ്ഥാന തല ഉൽഘാടനം ഓൺലൈനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിസന്ധികളെ മറികടക്കാൻ കേരളത്തിന് എന്നും തുണയായത് സഹകരണ പ്രസ്ഥാനമാണ് .ലോക് ഡൗൺ കാലത്ത് സമൂഹ അടുക്കളകൾ ഒരുക്കാൻ പിന്തുണ നൽകിയും, ക്ഷേമ പെൻഷനുകൾ വീടുകളിലെത്തിച്ചും ഓൺലൈൻ ക്ലാസുകൾക്കായി ടെലിവിഷൻ നൽകിയും സഹകരണ മേഖല തുണയായി. സുഭിക്ഷ കേരളം പദ്ധതിക്ക് വലിയ പിന്തുണയാണ് സഹകരണ മേഖല നൽകി വരുന്നത്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ കർണ്ണാടകം അതിർത്തികൾ അടച്ചപ്പോൾ അതിർത്തിഗ്രാമങ്ങളിൽ 10 നീതി സ്റ്റോറുകൾ തുടങ്ങി മാതൃകയായാവാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. ലോകത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ സഹകരണ മേഖലയുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സഹകരണ വകപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സർക്കാർ ഭവന പദ്ധതികളിൽ ലോകത്തിന് തന്നെ മാതൃകയാണ് കെയർ ഹോം പദ്ധതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി. പഴയന്നൂർ പഞ്ചായത്തിലെ ഒരേക്കറിലേറെ ഭൂമിയിലാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ.കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്., ജില്ലാ കലക്ടർ എസ്. ഷാനവാസ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യു.ആർ പ്രദീപ് എം.എൽ.എ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. ടി.എൽ നരസിംഹുഗാരി നന്ദിയും പറഞ്ഞു.
- Log in to post comments