Skip to main content

കോട്ടയം പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു: എല്ലാ വീട്ടിലും വെള്ളം എത്തിക്കാന്‍ 'ജലശ്രീ'

വേനല്‍ക്കാലം കോട്ടയം പഞ്ചായത്തിന് പേടി സ്വപ്‌നമാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാലം. എന്നാല്‍ നാളുകളായി ഇവിടത്തുകാര്‍ അനുഭവിച്ചിരുന്ന ജലക്ഷാമത്തിന് പരിഹാരമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജലശ്രീ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചു. പഞ്ചായത്തില്‍ ഉള്ള 4703 വീടുകളിലും അടുത്തവര്‍ഷത്തിനുള്ളില്‍ കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ആദ്യ ഘട്ടത്തില്‍ എഴുനൂറു വീടുകള്‍ക്കാണ്  കുടിവെള്ള കണക്ഷന്‍ ലഭിച്ചത്. നാനൂറു വീടുകളിലേക്ക് കൂടി അടുത്തമാസം കണക്ഷന്‍ ലഭിക്കും.
രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി  ഈ വര്‍ഷം അവസാനത്തോടെ 2771 വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എത്തും. അടുത്തവര്‍ഷം പകുതിയോടെ പദ്ധതി പൂര്‍ണമായും ലക്ഷ്യം കൈവരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്  ടി ഷബ്‌നം പറഞ്ഞു.
പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ട്, എം എല്‍ എ ഫണ്ട് ഉള്‍പ്പെടെയുള്ളവ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ട്. ആകെ 15 കോടി 28 ലക്ഷം രൂപയാണ് പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി ചെലവഴിക്കുന്നത്.  ഇതില്‍ 12 കോടി എം എല്‍ എ ഫണ്ടും,  2.48 കോടി രൂപ നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടുമാണ്. ബാക്കി തുക പഞ്ചായത്ത് വിഹിതത്തില്‍ നിന്നുള്ളതാണ്.
വീടുകളിലേക്ക്  കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് ജലജീവന്‍ പദ്ധതി പ്രകാരം അന്‍പതു ശതമാനം കേന്ദ്രവും ഇരുപത്തിയഞ്ചു ശതമാനം സംസ്ഥാനവും പതിനഞ്ചു ശതമാനം പഞ്ചായത്തും വഹിക്കും.  ബാക്കി പത്തു ശതമാനം ഉപഭോക്തൃ വിഹിതമാണ്. ഒരു ഗുണഭോക്താവിന് രണ്ടായിരം രൂപയാണ് ഏകദേശ ചെലവ് വരിക. രണ്ടു മാസത്തേക്ക് 120 രൂപയാണ് കുടിവെള്ള വാടകയായി ഈടാക്കുന്നത്. ഫെബ്രുവരിയില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിന് ആശ്വാസമാകുന്ന പദ്ധതിയാണിത്.
മുന്‍വര്‍ഷങ്ങളില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യങ്ങളില്‍ കുടിവെള്ളത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട സാഹചര്യം ആണുണ്ടായിരുന്നത്. വിവിധ പദ്ധതി പ്രകാരം കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കിണര്‍ റീചാര്‍ജ് ഉള്‍പ്പെടെയുള്ളവ ചെയ്തപ്പോള്‍ കുടിവെള്ളക്ഷാമം ഏറെകുറെ പരിഹരിക്കാന്‍ കഴിഞ്ഞെന്നും 2020-21 വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ പഞ്ചായത്തിന്റെ കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രസിഡണ്ട് പറഞ്ഞു

date