Skip to main content

ആദിവാസി കോളനികളിലെ സമഗ്രവികസനത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി

 

       നിലമ്പൂരിലെ അഞ്ച് ആദിവാസി കോളനികളിലായി  രണ്ട് കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അംബേദ്കര്‍ ഡവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോളനികള്‍ക്ക് തുക അനുവദിച്ചത്.  മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഉച്ചക്കുളം, കല്‍ക്കുളം/തീക്കടി, ചാലിയാറിലെ ഇടിവണ്ണ, പാറേക്കാട് കുറുമ കോളനി, പണിയ കോളനി എന്നിവിടങ്ങളിലാണ് വികസന പ്രവൃത്തികള്‍ ആരംഭിച്ചത്. ഇരുകോളനികളിലും ഭവന പുനരുദ്ധാരണം, ഭവന നിര്‍മാണം, ചുറ്റുമതില്‍ നിര്‍മാണം എന്നിവ നടപ്പാക്കും. പാറേക്കാട് കുറുമ കോളനിയിലെ ശ്മാശാനത്തിന്റെ ചുറ്റുമതിലും  പണിയ കോളനിയിലെ നടപ്പാതയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും.

     ഉച്ചക്കുളം, കല്‍ക്കുളം/തീക്കടി കോളനികളിലായി ഏഴ് പുതിയ വീടുകളാണ് നിര്‍മിക്കുന്നത്. 26 വീടുകള്‍ പുതുക്കിപ്പണിയും. കോളനിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. കാട്ടാന ശല്യം തടയാന്‍ കോളനിക്ക് ചുറ്റും സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്. ഇടിവണ്ണ, പാറേക്കാട് കുറുമ കോളനി, പണിയ കോളനികളിലായി 14 വീടുകള്‍ പുനരുദ്ധാരണം നടത്തുകയും ഒന്‍പത് പുതിയ വീടുകള്‍ നിര്‍മിക്കുകയും ചെയ്യും. ജില്ല  നിര്‍മിതി കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

date