വാക്കയില്‍പടി ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ നഗരസഭ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാം വാര്‍ഡിലെ വാക്കയില്‍ പടിയില്‍ നിര്‍മിച്ച ഹൈടെക് അങ്കണവാടി നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്താണ് അങ്കണവാടി നിര്‍മിച്ചിട്ടുള്ളത്. 600 ചതുരശ്ര അടിയിലുള്ള കെട്ടിടം ശിശു സൗഹൃദമായാണ് നിര്‍മിച്ചിരിക്കുന്നത്. വര്‍ണ്ണചിത്രങ്ങള്‍ വരച്ച ചുമരുകള്‍, ഇരിപ്പിടങ്ങള്‍, കളിക്കോപ്പുകള്‍, ടി.വി, ലാപ്‌ടോപ്പ്, സൗണ്ട് സിസ്റ്റം, ആധുനിക പഠനോപകരണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് അങ്കണവാടിയില്‍ ഒരുക്കിയിട്ടുള്ളത്. 13 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
നഗരസഭയുടെ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന 12 അങ്കണവാടി കളില്‍ എട്ടാമത്തേതാണ് വാക്കയില്‍പടി അങ്കണവാടി. ഏഴ് അങ്കണവാടികളുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിരുന്നു.
പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ ശോഭന ടീച്ചര്‍, കൗണ്‍സിലര്‍മാരായ കീഴ്‌ശേരി വാപ്പു, ഹന്ന ടീച്ചര്‍, കെ.സുന്ദരന്‍, അമ്പിളി മനോജ്, താമരത്ത് ഉസ്മാന്‍, മുന്‍ കൗണ്‍സിലര്‍ ഇ.കെ. അക്ബര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. ആയിഷ, സരസ്വതി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments