കോവിഡ് പ്രതിരോധ സന്നാഹത്തോടെ ജില്ലയിൽ വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയെഴുതി
ആലപ്പുഴ: കർശനമായ കോവിഡ് 19 പ്രതിരോധ സന്നാഹങ്ങൾക്കിടെ ജില്ലയിൽ വിദ്യാർത്ഥികൾ കേരള എഞ്ചിനീയറിംഗ് - പ്രവേശന പരീക്ഷ എഴുതി. 20 കേന്ദ്രങ്ങളിലായി രാവിലെ പത്തിനാരംഭിച്ച ഫിസിക്സ്,കെമിസ്ട്രി പരീക്ഷയ്ക്ക് 4909 വിദ്യാർത്ഥികളെത്തി. 16 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2.30 മുതൽ നടന്ന കണക്ക് പരീക്ഷ എഴുതിയത് 3738 പേരാണെന്നും പ്രവേശന പരീക്ഷയുടെ ജില്ലയിലെ ചുമതലയുള്ള ലെയ്സൺ ഓഫീസർ B ജയൻ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ കഴിയുന്നതിനാൽ ഡോക്ടറുടെ നിരീക്ഷണത്തിൽ രാവിലെയും ഉച്ചയ്ക്കുമായി രണ്ടുവിദ്യാർത്ഥികൾ പരീക്ഷയെഴുതി. ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട ഏക പരീക്ഷാകേന്ദ്രമായ എസ് എൽ പുരത്തെ ജി എസ് എം എം എച്ച് എസിൽ 70ശതമാനത്തിലേറെ പേർ പരീക്ഷയെഴുതി. രാവിലെ 239ഉം ഉച്ചയ്ക്ക് 228ഉം പേരാണിവിടെ പരീക്ഷയ്ക്ക് ഹാജരായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചെത്തിയ സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ തെർമൽ സ്കാനിംഗ്, സാനിറ്റൈസിംഗ് എന്നിവയുടെ ചുമതല സന്നദ്ധ പ്രവർത്തകരാണ് നിർവ്വഹിച്ചത്. ഓരോ കേന്ദ്രത്തിലും പത്തുവീതം സന്നദ്ധ പ്രവർത്തകർ കർമ്മനിരതരായി. സ്തുത്യർഹമായ സേവനമാണ് ദൂരദേശങ്ങളിൽ നിന്നുപോലും സ്വയമെത്തി സന്നദ്ധപ്രവർത്തകർ നടത്തിയതെന്ന് ലെയ്സൺ ഓഫീസർ പറഞ്ഞു. പുന്നപ്ര മുതൽ മണ്ണഞ്ചേരിവരെ സ്കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളായത്. ഇവിടങ്ങളിൽ ഒരുക്കങ്ങൾ നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു. ചോദ്യപേപ്പറുകൾ ചൊവാഴ്ച തന്നെ ഓരോകേന്ദ്രത്തിലും എത്തിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കി. ക്വറന്റൈനിൽ നിന്ന് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേകം മുറികൾ സജ്ജീകരിച്ചു. പരമാവധി 400 പേർ എന്നതോതിൽ ഓരോകേന്ദ്രത്തിലെയും പരീക്ഷാർത്ഥികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നു.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് കൂടുതൽ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തി. ബസ് സ്റ്റോപ്പുകളിലും പരീക്ഷാകേന്ദ്രങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കിക്കൊണ്ട് സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കി. 20കുട്ടികൾക്ക് ഒരു ഇൻവിജിലേറ്റർ എന്നനിലയ്ക്ക് അധ്യാപകരെ ഓരോകേന്ദ്രങ്ങളിലും നിയോഗിച്ചിരുന്നു. അതത് സ്കൂളിലെ പ്രധാന അധ്യാപകർ പരീക്ഷാകേന്ദ്രത്തിന്റെ മുഖ്യമേൽനോട്ടം നിർവ്വഹിച്ചു. പുറമെ പരീക്ഷ മേൽനോട്ടത്തിന് ടീം സൂപ്രണ്ടുമാരെയും റെപ്രസെന്റേറ്റിവുകളെയും ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി അധ്യാപകർക്ക് ഗ്ലൗസ്, സാനിറ്റൈസർ, താപമാപിനി എന്നിവ നൽകി. കണ്ടൈൻമെൻറ് സോണിലുൾപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ കർക്കശമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകളിലെ പി ടി എ പ്രതിനിധികളും പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ രംഗത്തിറങ്ങിയിരുന്നു. പ്രവേശന പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ എല്ലാ സഹകരണവും നൽകാൻ സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ കുമാർ നിർദ്ദേശം നൽകിയിരുന്നു.
- Log in to post comments