നാട്ടുമാവ് പൈതൃക പ്രദേശമായി കണ്ണപുരം
അത്യപൂര്‍വങ്ങളായ മാവിനങ്ങളുടെ സമ്പത്തുമായി കണ്ണപുരം ഇനി നാട്ടുമാവ് പൈതൃക പ്രദേശമായി അറിയപ്പെടും. ലോകത്തു തന്നെ നൂറിലധികം നാട്ടുമാവുകള്‍ സ്വാഭാവികമായി കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റര്‍ ആയി കണ്ണപുരം ചുണ്ടയിലെ കുറുവക്കാവും പരിസരവും മാറി. കുറുവക്കാവ് പരിസരത്തു നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ നാട്ടുമാവ് പൈതൃക പ്രദേശ പ്രഖ്യാപനം നടത്തി. നാടന്‍ മാവുകളെ സംരക്ഷിക്കുന്നതോടൊപ്പം രുചി വൈവിധ്യം നിറഞ്ഞ മാങ്ങകള്‍ കൊണ്ട് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്ന തൊഴില്‍ സംരംഭങ്ങള്‍ കൂടി ആവിഷ്‌കരിക്കുമെന്ന് എം എല്‍ എ പറഞ്ഞു
കണ്ണപുരം ചുണ്ട കുറുവക്കാവിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള ഇരുപതോളം വീടുകളില്‍ കാലങ്ങളായി സംരക്ഷിച്ചുവരുന്ന നൂറില്‍ അധികം ഇനം മാവുകള്‍ക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്ത് മാപ്പിംഗ് നടത്തിക്കഴിഞ്ഞു. നാട്ടുമാവിനങ്ങളെയറിയാനും മാമ്പഴ രുചി ആസ്വദിക്കാനും വൈവിധ്യം നിലനിര്‍ത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ വളരെ സ്വാഭാവികമായ നിലയില്‍ മാവുകള്‍ കൊണ്ട് നിബിഡമായ കുറുവക്കാവെന്ന പ്രദേശത്തെ ഒന്നടങ്കം പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തുടര്‍ച്ചയായ ക്യാമ്പയിനുകള്‍ പഞ്ചായത്തില്‍ നടന്നുവരുന്നുണ്ട്. കണ്ണപുരം പഞ്ചായത്ത് നാലു വര്‍ഷത്തോളമായി നടത്തുന്ന നാട്ടുമാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ, കണ്ണൂര്‍ ജില്ല ഹരിതമിഷന്‍, ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയാണ് പിന്തുണ നല്‍കുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍, നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഷൈജു മാച്ചാത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments