19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പരിഷ്‌ക്കാരത്തിനു ആസൂത്രണ സമിതിയിൽ അംഗീകാരം
ആലപ്പുഴ : പത്തൊൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പരിഷ്‌ക്കാരത്തിനു ജില്ല ആസൂത്രണ സമിതിയിൽ അംഗീകാരം നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ നിലവിലെ ഫണ്ടിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക പദ്ധതി പരിഷ്‌ക്കാരത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിച്ചത്.
19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്കരിച്ച വാർഷിക പദ്ധതിക്കാണ് ആസൂത്രണ സമിതി അംഗീകാരം നൽകിയത്. ഈ മാസം 16ന് ചേർന്ന ആസൂത്രണസമിതി 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പരിഷ്കാരത്തിന് അംഗീകാരം നൽകിയിരുന്നു. ഹരിപ്പാട് നഗരസഭ, ആലപ്പുഴ ജില്ല പഞ്ചായത്ത്, ആര്യാട് ബ്ലോക്ക്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്ക് ഇന്ന് അംഗീകാരം നൽകി. കൂടാതെ എടത്വ, തകഴി, ചമ്പക്കുളം, പാണ്ടനാട്, ആല, ചെറുതന, അരൂക്കുറ്റി, അരൂർ, അമ്പലപ്പുഴ വടക്ക്, മാരാരിക്കുളം തെക്ക്, മുളക്കുഴ, ചിങ്ങോലി, മുട്ടാർ, തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും വാർഷിക പദ്ധതി ഭേദഗതിയിൽ അംഗീകാരം നേടി. ഇനി 62 തദ്ദേശ സ്ഥാപനങ്ങളാണ് വാർഷികപദ്ധതി പരിഷ്കാരത്തിനായി അപേക്ഷ സമർപ്പിക്കാൻ ഉള്ളത്. ഈ മാസം 30നകം അതത് തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ഭേദഗതിക്കായി സമർപ്പിക്കേണ്ടതുമാണ്.
സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തികളും ആസൂത്രണ സമിതിയിൽ അവലോകനം ചെയ്തു. പച്ചക്കറി കൃഷി, മത്സ്യ കൃഷി, ക്ഷീര വികസനം എന്നിവയാണ് അവലോകനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ എല്ലാമാസവും വിലയിരുത്തുവാനും ആസൂത്രണ സമിതിയിൽ തീരുമാനമായി. കൂടാതെ എല്ലാ മാസവും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഓൺലൈനായി അവലോകനം ചെയ്യുവാനും തീരുമാനമായി.
ഓൺലൈനായി നടന്ന ആസൂത്രണ സമിതിയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഓഫീസർ കെ എസ് ലതി, ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments