ബ്രഹ്മഗിരി വയനാട് കോഫി വ്യാവസായിക ഉത്പാദക യൂണിറ്റ് ഉദ്ഘാടനം ഇന്ന്
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പുതിയ പദ്ധതിയായ ബ്രഹ്മഗിരി വയനാട് കോഫിയുടെ വ്യാവസായിക ഉത്പാദക യൂണിറ്റും വെബ്സൈറ്റും ഇന്ന് (28.07.20) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. കണിയാമ്പറ്റയിലുള്ള വ്യാവസായിക ഉത്പാദക യൂണിറ്റ് വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനും വെബ്സൈറ്റ് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവും ഉദ്ഘാടനം ചെയ്യും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വയനാട്ടിലെ കാപ്പി കര്‍ഷകരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന സഹകരണ കാര്‍ഷിക പദ്ധതിയാണ് ബ്രഹ്മഗിരി കോഫി. ജില്ല ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാപ്പി കര്‍ഷക ഫെഡറേഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. കാപ്പി കര്‍ഷക ഫെഡറേഷന് കീഴിലുള്ള 6 പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷക കൂട്ടായ്മകളിലൂടെയാണ് സംഭരണം, സംസ്കരണം, വിതരണം എന്നിവ നടത്തുന്നത്. 6000 ത്തോളം കര്‍ഷകര്‍ ഇതിന്റെ ഭാഗമാകും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഫി ബോര്‍ഡിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സി.കെ. ശശീന്ദ്രന് എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.എല്‍.എ.മാരായ ഒ.ആര്. കേളു, ഐ.സി. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, മറ്റ് ജനപ്രതിനിധികള്‍, കോഫി ബോര്‍ഡ് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
- Log in to post comments