കൊവിഡ് 19 സുരക്ഷ: കര്‍ശന നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ട് പോകുന്ന ബസുകള്‍ക്കെതിരെയും കാബിന്‍ വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും ശക്തമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍ ടി ഒ ഇ എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
ഓട്ടോറിക്ഷ, മോട്ടോര്‍ കാബ്, കോണ്‍ട്രാക്റ്റ് ക്യാരേജ് തുടങ്ങിയ ടൂറിസ്റ്റ് വാഹനങ്ങള്‍, ബസുകള്‍ എന്നിവയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അക്രലിക് ഷീറ്റ് ഉപയോഗിച്ച് ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കുന്നതിനും കണ്ടക്ടര്‍മാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമാക്കുന്നതിനും മോട്ടോര്‍വാഹന വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഓരോ യാത്രയ്ക്ക് ശേഷവും അണുനശീകരണം നടത്തുന്നതിനും യാത്രയില്‍ സാമൂഹിക അകലം പാലിക്കുന്നതിനും നിര്‍ദേശമുണ്ട്. ജില്ലയില്‍ പകുതിയോളം വാഹനങ്ങളിലാണ് ഇതിനോടകം കാബിന്‍ തിരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ കാബിന്‍ തിരിക്കാത്തവര്‍ എത്രയും പെട്ടെന്ന് അത് നടത്തേണ്ടതാണെന്നും ആര്‍ ടി ഒ അറിയിച്ചു
- Log in to post comments