സ്‌കോളര്‍ഷിപ്പ് പുതുക്കലിന് അപേക്ഷ ക്ഷണിച്ചു
കേരളത്തില്‍ സ്ഥിര താമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട മുന്‍ വര്‍ഷങ്ങളില്‍ സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ലഭിച്ച വിദ്യാര്‍ത്ഥിനികളില്‍ നിന്നും പുതുക്കലിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 5000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 6000 രൂപയും പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് 7000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപ്പ്ന്റ് ഇനത്തില്‍ 13,000 രൂപയുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം.
കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare. kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി 30 നകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471-2302090, 2300524.
പി.എന്‍.എക്‌സ്.4777/17
- Log in to post comments