Skip to main content

കോവിഡ് കെയർ കൺട്രോൾ സെന്റർ തുറന്ന് ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പുതിയ സംരഭം വഴി അവശ്യ സേവനങ്ങൾ വിളിപ്പാടകലെ

ആലപ്പുഴ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സേവനങ്ങളെല്ലാം ഒരു വിളിപ്പാടകലെയൊരുക്കി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. കോവിഡ് കെയർ കൺട്രോൾ സെന്റർ പ്രവർത്തന സജ്ജമാക്കിയാണ് സേവനങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്നത്‌. ബ്ലോക്ക് പരിധിയിൽ ക്വാറന്റൈനിലും റിവേഴ്‌സ് ക്വാറന്റൈനിലും കഴിയുന്നവർക്കായാണ് കോവിഡ് കെയർ കൺട്രോൾ സെന്ററിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നത്‌. ജീവതാളം പെയ്ൻ & പാലിയേറ്റീവിന്റെ സഹകരണത്തോടെയാണ് കോവിഡ് കെയർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനം. ബ്ലോക്കിന് കീഴിലുള്ള മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കോവിഡ് പ്രവർത്തനം ഏകോപിപ്പിക്കാനും, ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായവും ഈ കോവിഡ് കെയർ കൺട്രോൾ സെന്ററിൽ നിന്നും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ സെന്ററിൽ ഹോം ക്വാറന്റയിനുകളിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ സേവനം, മരുന്ന്, കൗൺസിലിംഗ്, മറ്റ് അത്യാവശ്യ സേവനങ്ങൾ എല്ലാം ലഭിക്കും. റിവേഴ്സ് ക്വാറന്റൈനിന്റെ ഭാഗമായി വീട്ടിലിരിക്കുന്ന വയോജനങ്ങൾക്കും രോഗികൾക്കും ടെലിമെഡിസിൻ, സൗജന്യ ടെസ്റ്റ്, സഹായവിലയ്ക്കുള്ള മരുന്നുകൾ, രോഗിപരിചരണം, കൗൺസിലിംഗ്, അത്യാവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം എന്നിവയും ഒരുക്കി നൽകുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ടു മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ നിവാസികൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ നീക്കാൻ ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങും കെയർ സെന്റർ വഴി നൽകി വരികയാണെന്നും ഷീന സനൽകുമാർ പറഞ്ഞു. ബ്ലോക്ക്‌ പരിധിയിലെ 80 വാർഡുകളിലെ മോണിറ്ററിംഗ് സമിതിയിലൂടെ എല്ലാ ദിവസവും വീടുകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. 'ആർദ്രമീ ആര്യാട്' പദ്ധതിയിലൂടെ പരിശീലനം ലഭിച്ച സന്നദ്ധപ്രവത്തകരുടെ സേവനവും വാർഡുതല കോവിഡ് സമിതികളുമായി സംയോജിപ്പിച്ചാണ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനം. കോവിഡ് കൺട്രോൾ സെന്ററിന്റെ സേവനങ്ങൾ ലഭിക്കാൻ - 9633413620, 9446041831, 9947277992 എന്ന നമ്പറിലോ, covidcontrolcentreg. എന്ന ഇ - മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

date