Skip to main content

കോവിഡ് നിയന്ത്രണം ജില്ലയില്‍ അടുത്ത 14 ദിവസം   അതിനിര്‍ണ്ണായകം :ജില്ലാകളക്ടര്‍

സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍   എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത്  ബാബു ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍  വ്യാപാര സ്ഥാപനങ്ങള്‍,ധനകാര്യ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം  നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളില്‍ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല. കൂടാതെ ആ പ്രദേശത്തെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക പ്രദേശത്ത്  ഏര്‍പ്പെടുത്തണമെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്,കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അടിയന്തര സാഹചര്യം നേരിടുന്നതിന് 21 സി എഫ്എല്‍ ടിസികളായി 4300 കിടക്കകളും സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്  ബാബു അറിയിച്ചു. ജില്ലയില്‍ ഒരിടത്തേക്കുമുള്ള അനാവശ്യ യാത്ര അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സോപ്പോ സാനിറ്റസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കായും പൊതുയിടങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കിയും എല്ലാവരും ജില്ലാഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

 

 ആളുകള്‍ കൂട്ടം കൂടുന്ന പൊതു സ്വകാര്യ ചടങ്ങുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കില്ല :പ്രതിജ്ഞ ഇന്ന്

 

ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകള്‍ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് ഇന്ന്(ആഗസ്റ്റ്  06)  രാവിലെ 10.30 ന്പ്രതിജ്ഞ എടുക്കും.ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.  തനിക്കോ, താന്‍ മൂലം മറ്റാരാള്‍ക്കോ കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം സുരക്ഷ ഒരുക്കുന്നതിനായി  സ്വകാര്യ പൊതുചടങ്ങുകളില്‍ നിന്ന് താനും തന്റെ കുടുംബാംഗങ്ങളും വിട്ടു നില്‍ക്കുമെന്ന പ്രതിജ്ഞയെടുക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കോവിഡ്‌രോഗ വ്യാപന സാധ്യതയുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ചെയ്യും. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്ത്,പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ  മുഴുവന്‍  സര്‍ക്കാര്‍ ജീവനക്കാരും ഇത് സംബന്ധിച്ച പ്രതിജ്ഞയില്‍ പങ്കാളികളാവണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

 

date