കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ടുകളില്‍ തുക വകയിരുത്തണം
കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പ്രോജക്ടുകള്‍ തയാറാക്കി തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണവും സേവന വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്.
കുട്ടികളുടെ അരക്ഷിത ബാല്യം രാജ്യത്തിന്‍റെ ഭാവിയെ അപകടകരമായി ബാധിക്കും. അമ്മയെന്ന പരിപാവന സങ്കല്‍പ്പത്തെപ്പോലും കളങ്കപ്പെടുത്തുന്ന വിധത്തിലുള്ള പെരുമാറ്റങ്ങളാണ് പല കുടുംബങ്ങളിലും കുട്ടികള്‍ക്ക് മാതാവില്‍ നിന്നും ഉണ്ടാകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ സി.ജെ.ആന്‍റണി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.ആര്‍.മുരളീധരന്‍ നായര്‍, പെര്‍ഫോമന്‍സ് ആഡിറ്റ് സൂപ്പര്‍വൈസര്‍ സി.പി.സുനില്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.അജീഷ് കുമാര്‍, സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, സോഷ്യല്‍ വര്‍ക്കര്‍ ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 593/18)
- Log in to post comments