മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി സജ്ജമാക്കിയതാണ് യൂണിറ്റ്.
ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരികുമാര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര്‍ സന്ധ്യ, ഡോ സി ആര്‍ ജയശങ്കര്‍, ഡോ മണികണ്ഠന്‍, പുവര്‍ ഹോം സൂപ്രണ്ട് വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.
മുണ്ടയ്ക്കല്‍ പുവര്‍ഹോം അന്തേവാസികള്‍ക്ക് സേവനം ലഭ്യമാക്കി കൊണ്ടാണ് യൂണിറ്റിന്റെ പ്രവര്‍ത്തിന് തുടക്കമായത്. മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഡ്രൈവര്‍ എന്നിവര്‍ അടങ്ങുന്ന ടീമിന്റെ സേവനം ലഭ്യമാക്കി ഫീല്‍ഡില്‍ പോയി രോഗികളെ പരിശോധിക്കുകയും ആവശ്യമായ ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പെടെ സൗജന്യമായി സാധ്യമാക്കുകയും ചെയുന്ന സംവിധാനമാണിത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ വയോജന മന്ദിരങ്ങള്‍ കെയര്‍ ഹോമുകള്‍ ഭിന്നശേഷിക്കാരെ അധിവസിപ്പിച്ചിരിക്കുന്ന സ്ഥലം എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചികില്‍സയും മറ്റു പരിശോധനകളും നടത്തും. സര്‍ക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള പരിശീലനവും കോവിഡ് സംബന്ധിച്ച പരിശീലനവും ഇതിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പ്, മാതൃശിശു സംരക്ഷണം, പ്രാണിജന്യ രോഗ നിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ജീവിതശൈലി രോഗ നിയന്ത്രണം തുടങ്ങി ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികളുടെ സേവനവും ഇത് വഴി ലഭ്യമാക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍, തീരദേശ, മലയോര, ട്രൈബല്‍ വിഭാഗക്കാര്‍ എന്നിവര്‍ക്കു കൂടി ആവശ്യാനുസരണം ഈ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നതാണ്. ഹീമോ ഗ്ലോബിന്‍, ഡെങ്കിപ്പനി, എലിപ്പനി, യി പി ടി, പ്രമേഹം എന്നിവയുടെ ടെസ്റ്റുകളും ബ്ലഡ് സാമ്പിള്‍, സ്പൂട്ടം എന്നിവയുടെ കലക്ഷനുകളും യൂണിറ്റില്‍ ലഭ്യമാണ്.
(പി.ആര്‍.കെ നമ്പര്‍ 2093/2020)
- Log in to post comments