Skip to main content

പ്രധാന്‍ മന്ത്രി മത്സ്യ സമ്പദാ യോജന ഫിഷറീസ് വകുപ്പിന്റെ ജില്ലാതല പദ്ധതികള്‍ക്ക് അംഗീകാരമായി

ഫിഷറീസ് വകുപ്പ് ജില്ലയുടെ സമുദ്ര ഉള്‍നാടന്‍ മേഖലകളില്‍ പ്രധാന്‍ മന്ത്രി മത്സ്യ സമ്പദാ യോജന വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അംഗീകാരമായി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാനതല സമിതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം കേന്ദ്ര ഫിഷറീസ് മന്ത്രലയത്തിന് സമര്‍പ്പിക്കുന്ന മുറയ്ക്ക് പദ്ധതികള്‍ക്ക്  ധനസഹായം ലഭ്യമാകും.
ജില്ലയിലെ മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുരക്ഷ, ക്ഷേമം, തീരവികസനം, തുറമുഖങ്ങളിലെ നിരീക്ഷണ സംവിധാനം, മത്സ്യ സമ്പത്തിന്റെ സംരക്ഷണം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മത്സ്യബന്ധനം എന്നിവയ്ക്കാണ് മുന്‍ഗണന. ബോട്ടുകളില്‍ ജൈവ ശൗച്യാലയം അടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കല്‍, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായ ആധുനിക രീതിയിലുള്ള മത്സ്യകൃഷിയും വിപണനവും വ്യാപിപ്പിക്കല്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാനാകും വിധം യാനങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2107/2020)

 

date