കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം
രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തു :അന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് വ്യോമയാന മന്ത്രി
കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും താത്ക്കാലിക ആശ്വാസമായി എയര്‍ ഇന്ത്യ നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ പ്രൊഫഷനലുകള്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തുടങ്ങിയവയുടെ സഹകരണത്തോടെ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്താനായി. അപകടത്തിന്റെ കാരണം ബ്ലാക്ക് ബോക്‌സുകള്‍ പരിശോധിച്ച് കണ്ടെത്തും. കരിപ്പൂരിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണ്. അപകടമുണ്ടായ ഉടനെ വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനവുമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയും മറ്റ് ഏജന്‍സികളും നാട്ടുകാരും അസാധാരണമായ പ്രവര്‍ത്തനമാണ് നടത്തിയത്.
അപകടം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ഇടപെട്ടതിനാല്‍ വിമാനത്തിന്റെ ഇന്ധന ടാങ്കിന് തീപിടിക്കുന്നത് ഒഴിവാക്കാനും കൂടുതല്‍ ആളപായം ഇല്ലാതാക്കാനും സാധിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍ മാതൃകാപരമായ സംഭാവനയാണ് നല്‍കിയത്. 10 വര്‍ഷം മുമ്പ് മംഗലാപുരത്ത് ഉണ്ടായ വിമാന അപകട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. സുരക്ഷാ മുന്‍ കരുതല്‍ കരിപ്പൂരില്‍ കൂടുതല്‍ ജീവഹാനി ഇല്ലാതാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി മെയ് ആറ് മുതല്‍ തുടങ്ങിയ എയര്‍ ഇന്ത്യ സര്‍വീസ് ആണ് അപകടത്തില്‍ പെട്ടത്.
വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ പതിനായിരം മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹം നേരെത്തെ എയര്‍ ഫോഴ്സിന്റെ പൈലറ്റായിരുന്നു. കരിപ്പൂരിലേക്കും തിരിച്ചും 27 തവണയാണ് അദ്ദേഹം വിമാനം പറത്തിയത്. മികച്ച പ്രാഗല്‍ഭ്യവും ആത്മസമര്‍പ്പണവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി നാട്ടുകാരുടെ കൂടി പങ്കാളിത്തത്തോടെയുള്ള ജനകീയ രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. അപകടം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ നിന്നുമുള്ള രണ്ട് സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്നും ദുരന്തത്തിനിടയാക്കിയ എല്ലാ കാരണങ്ങളും കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. വ്യോമയാന വകുപ്പ് മന്ത്രി എന്ന നിലയില്‍ താന്‍ ഇത്തരം എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധവാനാണ്.
അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ വ്യക്തതയില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം റിപ്പോര്‍ട്ട് പുറത്ത് വരും.
അപകടത്തില്‍ പെട്ടവര്‍ക്കെല്ലാം കഴിയാവുന്നതെല്ലാം ചെയ്യും. ആദ്യഘട്ടമെന്ന നിലയിലാണ് താത്ക്കാലിക സഹായം അനുവദിച്ചത്. ഇതിന് പുറമെ എയര്‍ ക്രാഫ്റ്റ് ഇന്‍ഷുറന്‍സും മറ്റ് ഏജന്‍സികളില്‍ നിന്നുള്ള ആനുകൂല്യവും തുടര്‍ന്ന് ലഭിക്കുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു.
- Log in to post comments