Skip to main content

കരിപ്പൂര്‍ വിമാന അപകടം: വിശദ അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര സഹമന്ത്രി

 

കരിപ്പൂര്‍ വിമാനത്താവള അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം.  വിമാനത്തിന്റെ പിന്‍ ഭാഗം അപകടത്തില്‍ തകര്‍ന്നതിനാല്‍ ആ ഭാഗത്ത് ഇരുന്നവര്‍ക്കാണ് കൂടുതലായും പരിക്കേറ്റത്. വിമാനത്തിന്റെ എഞ്ചിന്‍ ഓഫാകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ഇന്ധന ടാങ്ക് തകരാതിരുന്നത് കൂടുതല്‍ ആള അപായം ഒഴിവാക്കിയെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കരിപ്പൂരില്‍ വിമാന സര്‍വീസ് പുന:രാരംഭിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാവില്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ വിശദ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നല്‍കിയത്. അനുവാദമില്ലാത്ത റണ്‍വെയില്‍ ഒരു വിമാനവും ഇറങ്ങില്ലെന്നും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ പാടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും തന്റെ അറിവില്‍ ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. റണ്‍വേയുടെ നവീകരണ പ്രവൃത്തി നടത്തിയ സമയത്ത് മാത്രമാണ് വിമാന സര്‍വീസ് നിര്‍ത്തിവച്ചതെന്നും മന്ത്രി പറഞ്ഞു.
 

date